കുവൈറ്റില്‍ 328 പ്രവാസികളുടെ താമസ മേല്‍വിലാസം റദ്ദാക്കി
കുവൈറ്റ് സിറ്റി: പ്രോപ്പര്‍ട്ടി ഉടമയുടെ അപേക്ഷ പരിഗണിച്ചോ, രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ കെട്ടിടം ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നോ 328 പ്രവാസികളുടെ താമസ മേല്‍വിലാസം റദ്ദാക്കിയതായി കുവൈറ്റ് അറിയിച്ചു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലായാണ് പ്രവാസികളുടെ താമസിടങ്ങള്ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വ്യക്തമാക്കി.
മേല്‍വിലാസം റദ്ദാക്കപ്പെട്ട ഇടങ്ങളിലെ താമസക്കാര്‍ പുതിയ കെട്ടിടങ്ങളിലേക്ക് മാറാനും അവിടത്തെ അഡ്രസ് ഉടന്‍ തന്നെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനില്‍ രജിസ്റ്റര്‍ ചെയ്യാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു. പബ്ലിക് അതോറിറ്റിയുടെ തീരുമാനം സര്‍ക്കാര്‍ ഗസറ്റായ ‘കുവൈത്ത് അല്‍ യൗം’ വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷമാണ് നടപടി സ്വീകരിച്ചത്.
പുതിയ താമസ വിലാസം സാധൂകരിക്കുന്നതിന് ആവശ്യമായ വാടക കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ നടപടിക്രമങ്ങള്‍ പൂര്‍ണമാവുകയുള്ളൂ. ഈ കാലയളവില്‍ വിലാസം രജിസ്റ്റര്‍ ചെയ്യുന്നവര്‍ 20 ദിനാര്‍ ഫീസ് അടക്കേണ്ടിവരും. ഈ ഗ്രേസ് പിരീഡിലും പുതിയ അഡ്രസിലേക്ക് മാറാത്തവരില്‍ നിന്ന് 100 ദിനാര്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
താമസ സ്ഥലത്ത് കൂടുതല്‍ പേരുണ്ടെങ്കില്‍ തെറ്റായ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ എണ്ണത്തിന് അനുസൃതമായി പിഴത്തുകയും കൂടും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒരു പുതിയ വിലാസം രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ വ്യക്തികള്‍ അതോറിറ്റിയുടെ ആസ്ഥാനത്ത് എത്തണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.