സ്‌കൂൾ കായികമേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി
കായികമേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരാതികളില്ലാത്ത മികച്ച സംഘാടനമാണ് ഒളിമ്പിക്‌സ് മോഡൽ കായികമേളയിൽ ഉണ്ടായത്. പരാതി ഉന്നയിച്ച സ്‌കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ മുന്നിട്ട് നിന്നത് അധ്യാപകരാണ്
വിദ്യാഭ്യാസ വകുപ്പ് ഇത് ഗൗരവത്തോടെയാണ് കാണുന്നത്. എല്ലാ വർഷവും ഒളിമ്പിക് മോഡൽ കായികമേള നടത്തുമെന്നും മന്ത്രി അറിയിച്ചു. ആസൂത്രണം കൊണ്ടും സംഘാടനം കൊണ്ടും മികച്ച മേളയായിരുന്നു ഇത്തവണത്തത്. സമാപന സമ്മേളനം മികച്ച നിലയിൽ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്‌കൂളിന്റെ പേരിലുള്ള തർക്കം തിരുന്നാവായ നാവാമുകുന്ദ സ്‌കൂൾ ഉന്നയിക്കുന്നത്
സ്‌കൂളിന്റെ പ്രതിനിധിയുമായി വേദിയിൽ വെച്ച് തന്നെ കൂടിക്കാഴ്ച നടത്തി പരാതി ഗൗരവമായി കണക്കിലെടുക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് ചെവിക്കൊള്ളാതെയാണ് മേള അലങ്കോലമാക്കാൻ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് ആവർത്തിച്ച് നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്‌കൂളുകളോട് അഭ്യർഥിച്ചിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു