Novel

കാശിനാഥൻ : ഭാഗം 63

രചന: മിത്ര വിന്ദ

കല്ലു കൊണ്ട് വന്നു കൊടുത്ത ഹോട്ട് കോഫി ഊതി ഊതി കുടിയ്ക്കുകയാണ് അർജുൻ.

എടാ നിനക്ക് നല്ല ക്ഷീണം ഉണ്ടെങ്കിൽ നമ്മൾക്കു ഹോസ്പിറ്റലിൽ ഒന്ന് പോയാലോ…..

ഹേയ് അതിന്റ ആവശ്യം ഒന്നും ഇല്ലടാ, ഞാൻ ഒരു ടാബ്ലറ്റ് എടുത്തു, ഇനി നന്നായി കിടന്ന് ഒന്ന് റസ്റ്റ്‌ എടുക്കുമ്പോൾ മാറും…

എങ്കിൽ നീ പോയി കിടക്കു, ഈ വേഷം ഒക്കെ മാറ്റിട്ട്…

ഹ്മ്മ്….. ആ കുട്ടി ഏതാടാ.

അടുക്കളയിലേയ്ക്ക് നടന്നു പോയ കല്ലുവിനെ നോക്കി അവൻ കാശിയോട് ചോദിച്ചു.

ജാനകി ചേച്ചിടേ വകേൽ ഉള്ളതാ…ചേച്ചിക്ക് സുഖം ഇല്ലാണ്ട് പോയപ്പോൾ പകരം ഈ കുട്ടിയേ കുറച്ചു ദിവസത്തേക്ക് നിറുത്തിയതാണ്.

ആഹ്…. എന്നിട്ട് ചേച്ചിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്

ബെറ്റർ ആയി വരുന്നുണ്ട്…

“ഹ്മ്മ്…..”

“നീ പോയി കിടക്കെടാ, ഒന്ന് ഉറങ്ങി എഴുന്നേറ്റു കഴിഞ്ഞു ഓക്കേ ആകും ”

“ഹേയ്…. അങ്ങനെ ഒന്നും ഓക്കേ ആകില്ല കാശി ”

അർജുൻ പതിയെ എഴുനേറ്റതും കാശി അവനെ നോക്കി നെറ്റി ചുളിച്ചു.

എന്നാടാ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ?

അർജുന്റെ മുഖത്തേക്ക് കണ്ണു നട്ടു കൊണ്ട് അവൻ ചോദിച്ചു.

“ഡാഡി വന്നിട്ടുണ്ട്.. ഒപ്പം ആ സ്ത്രീയും, അതാ ഞാൻ ഇങ്ങോട്ട് പോന്നത് ”

“എപ്പോൾ ”

“ഉച്ചയ്ക്ക് എത്തിയത്…”

“എന്നിട്ടോ ”

“എന്നിട്ടെന്താ… ഇരുവരും അടിച്ചു പൊളിച്ചു അവിടെ ഇരിക്കുന്നു ”

“എത്ര ദിവസത്തേക്ക് ഉണ്ട് ”
“അറിയില്ല…. ഏറിയാൽ രണ്ടാഴ്ച, അതിൽ കൂടുതൽ അങ്ങനെ നിൽക്കില്ലല്ലോ ”

അർജുൻ റൂമിലേക്ക് പോകുന്നതും നോക്കി കാശി സെറ്റിയിൽ അമർന്നു ഇരുന്നു.

***

സന്ധ്യക്കു വിളക്ക് കൊളുത്തി പ്രാർത്ഥിച്ച ശേഷം, കല്ലുവും പാറുവും കൂടെ ബാൽക്കണിയിൽ ഇരിയ്ക്കുകയാണ്.

വെറുതെ സൊറ പറഞ്ഞു കൊണ്ട്.

മിക്കവാറും അത് പതിവ് ഉള്ളത് കൊണ്ട് കാശി അവിടേക്ക് പോയതേ ഇല്ല..

തലേ ദിവസം വീട്ടിൽ പോയതും, അവിടുത്തെ വിശേഷങ്ങളും ഒക്കെ ആണ് കല്ലു വാ തോരാതെ പറയുന്നത്..

അനുജത്തിമാര് രണ്ട് പേരും കൂടി അവളെ ബസ് കേറ്റി വിടാൻ വന്നപ്പോൾ കരഞ്ഞ കാര്യം പറഞ്ഞതും കല്ലുവിന്റെ ശബ്ദം ഇടറിയതും പാറുനു വിഷമം ആയി.

കുട്ടികളെ രണ്ടാളേം കൂടി അടുത്ത വീക്കെൻഡ് il ഇവിടെക്ക് കൊണ്ട് വരാൻ ഒക്കെ പറഞ്ഞു ഒരു പ്രകാരം പാറു അവളെ അശ്വസിപ്പിച്ചു.

*

അത്താഴം കഴിക്കുവാൻ അർജുനെ ഒരുപാട് നിർബന്ധിച്ചു ആയിരുന്നു കാശി കൂട്ടി കൊണ്ട് വന്നത്..

പൂരിയും മസാല കറിയും ആയിരുന്നു അന്ന് കഴിക്കുവാൻ കല്ലു ഉണ്ടാക്കിയത്…

വളരെ പാട് പെട്ടു അർജുൻ ഒരെണ്ണം കഴിഅവരോട് എന്ന് വരുത്തി വേഗം എഴുനേറ്റ് പോയി..

“എന്ത് പറ്റി, ആ ചേട്ടന് ഭക്ഷണം ഇഷ്ടം ആയില്ലേ ആവോ ”

കല്ലു വിഷമത്തോടെ പാറുവിനെ നോക്കി.

“ഹേയ്

അത് കൊണ്ട് ഒന്നും അല്ലടാ… അർജുൻ സാറിന്റെ മൂഡ് ശരിയല്ല… പിന്നെ തലവേദന ആണെന്ന് പറഞ്ഞില്ലേ… അതാവും റീസൺ… അല്ലാണ്ട് കല്ലുന്റെ ഫുഡ്‌ ഇഷ്ടം ആകാഞ്ഞിട്ട് ഒന്നും അല്ലന്നേ….”

പാറു അവളെ അശ്വസിപ്പിച്ചു.

അന്ന് രാത്രിയിൽ കിടക്കാൻ നേരത്ത് അർജുനെ കുറിച്ച് ആയിരുന്നു കാശിയുടെയും പാറുവിന്റെയും സംസാരം.. അർജുന് 20 വയസ് ഉള്ളപ്പോൾ ആയിരുന്നു അവന്റെ അമ്മ ബ്ലഡ്‌ കാൻസർ ആയിട്ട് മരിച്ചു പോയത്.. അതിനു ശേഷം അവനും അവന്റെ ഡാഡി യും മാത്രം ആയിരുന്നു താമസം.. അർജുന്റെ ഡാഡി ഏതോ വലിയ ഒരു കമ്പനിയിലെ കൂടിയ ഉദ്യോഗസ്ഥൻ ആയിരുന്നു.. അവിടെ വെച്ചു അയാൾ ഒരു സ്ത്രീ യെ പരിചയപ്പെട്ടു. ഇരുവരും തമ്മിൽ ഇഷ്ടം ആണെന്ന് മനസിലാക്കിയ അർജുൻ അവന്റെ ഡാഡിയോട് വഴക്കിട്ടു.പക്ഷെ അയാള് കേട്ടില്ല…. മൂന്ന് വർഷം മുന്നേ അയാൾ ആ സ്ത്രീയെ ലീഗലി കൂടെ കൂട്ടി…. അത് അറിഞ്ഞ അർജുൻ വീട്ടിൽ നിന്നും ഇറങ്ങി പോന്നു.. സ്വന്തം ആയി ജോലി ഒക്കെ നേടിയ ശേഷം സമാധാനം ആയിട്ട് ജീവിച്ചു വരികയായിരുന്നു.

അങ്ങനെ ഇരിക്കെ ഒരു വർഷം മുന്നേ അവന്റെ ഡാഡി യും പുതിയ ഭാര്യയും കൂടി അവനെ കാണാൻ വന്നു.

ഡാഡി യ്ക്ക് എന്തൊക്കയോ ആരോഗ്യ പ്രശ്നങ്ങൾ..

ട്രീറ്റ്മെന്റ് എടുക്കാൻ വന്നത് അർജുന്റെ ഫ്ലാറ്റിനോട് അടുത്ത ഉള്ള ഒരു ആയുർവേദ സെന്റർ ആയിരുന്നു.

ആ സമയത്ത് അയാൾക്ക് ഒട്ടും നടക്കാൻ വയ്യാത്ത അവസ്ഥ ആയിരുന്നു.

ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞു ഒരാഴ്ച അയാൾ മകന്റെ ഒപ്പം വന്നു നിന്ന ശേഷം തിരികെ മടങ്ങിപ്പോയത്.

എന്തിനാണ് നീ അയാളെ വീട്ടിൽ കേറ്റിയത് എന്ന് ചോദിച്ചു കൊണ്ട് കാശി കുറെ വഴക്ക് ഒക്കെ ഉണ്ടക്കാക്കിയിരുന്നു അവനോട്.

അച്ചന് ഒപ്പം വന്നു നിൽക്ക്ണം എന്ന് ആഗ്രഹം പറഞ്ഞപ്പോൾ അർജുൻ സമ്മതം മൂളുകയായിരുന്നു.

പക്ഷെ ആ സ്ത്രീയെ വീട്ടിൽ കേറ്റാൻ അവനൊട്ട് സമ്മതിച്ചുമില്ല.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അർജുന്റെ ഡാഡി മടങ്ങി പോയിരുന്നു.

അതിനു ശേഷം ഇന്നാണ് അവർ വീണ്ടും വന്നത്.

ആ സമയത്ത് അർജുൻ അവരോട് ഒന്നും സംസാരിക്കാതെ കൊണ്ട് കാശിയുടെ അടുത്തേക്ക് ഇറങ്ങി പോന്നു.

” ഒരു കണക്കിന് കഷ്ടമുണ്ട് അർജുൻ സാറിന്റെ അവസ്ഥ അല്ലേ ഏട്ടാ ”

കാശിയുടെ നെഞ്ചോരം പറ്റിച്ചേർന്നു കിടന്നുകൊണ്ട് പാറു മെല്ലെ പറഞ്ഞു.

“ഹ്മ്മ്… എന്ത് ചെയ്യാനാ….പാവം, അവന്റെ സങ്കടം ഒക്കെ ഷെയർ ചെയ്യാൻ ആകെ കൂടി ഞാൻ മാത്രം ഒള്ളു….”

“. ആ അമ്മ ഉണ്ടായിരുന്നു എങ്കിൽ സാറിന് ഈ അവസ്ഥ വരില്ലായിരുന്നു അല്ലേ ഏട്ടാ .”

“അതെ സത്യം…..ഞാൻ ഇടയ്ക്ക് ഒക്കെ ഓർക്കും, ടീച്ചറ് പോയതിൽ പിന്നെ ആണ് അവന്റെ ജീവിതം ഇങ്ങനെ കീഴ്മേൽ മറിഞ്ഞത്…. ആഹ് എന്ത് ചെയ്യാനാ… അവനെ അശ്വസിപ്പിക്കാം എന്നല്ലാതെ നമ്മൾക്ക് വേറെ ഒരു വഴിയും ഇല്ലല്ലോടാ….”

പാറുവിന്റെ തോളിൽ താളം പിടിച്ചു തട്ടി കൊണ്ട് കാശി പറഞ്ഞു.

***

കാലത്തെ എഴുന്നേറ്റതും അർജുന് നല്ല പനി ആയിരുന്നു.

കാശി അവനെയും കൂട്ടി ഹോസ്പിറ്റലിൽ പോയി.

മെഡിസിൻ ഒക്കെ വാങ്ങി വന്ന ശേഷം ആയിരുന്നു അവൻ ഓഫീസിൽ പോയത്.അപ്പോളേക്കും സമയം 11മണി കഴിഞ്ഞു.

അർജുന് കഴിക്കുവാൻ വേണ്ടി കുറച്ചു പൊടിയരി കഞ്ഞിയും, തേങ്ങ ചമ്മന്തിയും, കടുക് മാങ്ങാ അച്ചാറും ഒക്കെ ഉണ്ടാക്കി വെച്ചിരുന്നു കല്ലു.

പക്ഷെ റൂമിൽ കേറി ഒറ്റ കിടപ്പ് ആയിരുന്നു അർജുൻ.

രണ്ടു മൂന്നു വട്ടം കല്ലു ചെന്നു നോക്കി എങ്കിലും,അവൻ ഉറക്കത്തിൽ ആയിരുന്നു.

നേരം രണ്ടു മണി ആയിട്ടും അവൻ എഴുന്നേറ്റില്ല.

മരുന്ന് കഴിച്ച ക്ഷീണം കൊണ്ട് അവൻ നല്ല ഉറക്കത്തിലും.

കാശിയോടും പാറുവിനോടും നല്ല അടുപ്പത്തിൽ ആണേലും,അർജുനും ആയിട്ട് ഇതേ വരെയും സംസാരിച്ചിരുന്നില്ല കല്ലു.

അതുകൊണ്ട് അവനെ വിളിക്കാൻ അവൾക്ക് അല്പം മടി തോന്നിയിരുന്നു.

അവൻ വാങ്ങി കൊണ്ട് വന്നിരുന്ന ഗുളിക യുടെ പുറത്ത് ഭക്ഷണത്തിനു ശേഷം ഉച്ചയ്ക്ക് കഴിക്കാൻ വേണ്ടിയുള്ള ഡോസ് ഉണ്ടായിരുന്നു..

സമയം ഇത്രയും ആയല്ലോ, ഒന്നു വിളിച്ചു നോക്കാം എന്ന് കരുതി രണ്ടും കല്പിച്ചു കൊണ്ട് അവൾ റൂമിലേക്ക് കയറി ചെന്നു.

സാർ….. അർജുൻ സാർ..

പതുങ്ങിയ ശബ്ദത്തിൽ അവൾ വിളിച്ചു.

മൂന്നു നാല് തവണ വിളിച്ചു കഴിഞ്ഞതും അവൻ കണ്ണു ചിമ്മി തുറന്നു.

തന്റെ അടുത്തേക്ക് മുഖം താഴ്ത്തി നിൽക്കുന്നവളെ അവൻ നെറ്റി ചുളിച്ചു നോക്കി.

പെട്ടന്ന് അവൾ നേരെ നിന്ന്.

“ഭക്ഷണം കഴിക്കാൻ വരാമോ… നേരം ഒരുപാട് ആയി…”

“ഹ്മ്മ്… ”

ഒന്നു മൂളിയ ശേഷം അവൻ വീണ്ടും മിഴികൾ പൂട്ടി.

അയ്യോ…. വീണ്ടും ഉറങ്ങുവാ… സാറെ, ഒന്നെഴുനേൽക്കാമോ… കഴിക്കാൻ എടുത്തു വെച്ചേക്കുവാ….ഉച്ചയ്ക്ക് ഗുളികയും ഉണ്ട്…”

ഈ കുറി അവൾ അല്പം ശബ്ദം ഉയർത്തി.

വന്നേക്കാം കൊച്ചേ… നീ ചെല്ല്, അങ്ങോട്ട്..

അവൻ പിറുപിറുത്തു.

“സാറിന് നടന്നു വരാൻ പാടാണ് എങ്കിൽ ഞാൻ ഇവിടെയ്ക്ക് കൊണ്ട് വന്നു തരാം… ഒന്നെഴുന്നേൽക്കാമോ ”

“വേണ്ട… ഞാൻ വന്നോളാം… താൻ ചെല്ല് ‘

പറഞ്ഞു കൊണ്ട് അവൻ പതിയെ കൈ കുത്തി എഴുനേറ്റു.

കുക്കറിൽ നിന്നും കഞ്ഞി വിളമ്പി മേശപ്പുറത്തു വെച്ചിരുന്നു കല്ലു അപ്പോൾ.

കൈ കഴുകി വന്ന ശേഷം അർജുൻ കസേര വലിച്ചു ഇട്ട് ഇരുന്നു.

ചെറു ചൂടോടെ കൂടിയ കഞ്ഞിയും, ചമ്മന്തിയും, അച്ചാറും ഒക്കെ കൂട്ടി കഴിച്ചപ്പോൾ അവനു വല്ലാത്ത രുചി ആണ് തോന്നിയത്.

മിക്കവാറും ദിവസങ്ങൾ അവൻ പുറത്ത് നിന്നു ആണ് ആഹാരം കഴിക്കുന്നത്. പിന്നെ ഇടയ്ക്ക് ഒക്കെ ഇങ്ങനെ ഏതെങ്കിലും ഫ്രണ്ട്സ് ന്റെ അടുത്ത് പോകും. കൂടുതലും വന്നേക്കുന്നത് കാശി യുടെ അടുത്ത് ആയിരുന്നു താനും..

എന്നിരുന്നാലും ശരി, ഇതുപോലെ നാവിൽ രുചി നേടി തന്ന ഒരു ഭക്ഷണവും ഈ അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല എന്ന് അർജുന് തോന്നി പോയിരുന്നു.

ഒന്നു അഭിനന്ദിക്കാൻ നോക്കിയപ്പോൾ കല്ലുനെ ഒട്ട് കാണുന്നുമില്ലയിരുന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button