അടുത്ത 10 വര്‍ഷം യുഎഇയില്‍ കടുത്ത ചൂടും കൂടുതല്‍ മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധന്‍
ദുബൈ: അടുത്ത 10 വര്‍ഷം യുഎഇയില്‍ കടുത്ത ചൂടും കൂടുതല്‍ മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധന്‍ വ്യക്തമാക്കി. 10 മുതല്‍ 20 ശതമാനംവരെ വര്‍ധനവാണ് മഴയില്‍ അടുത്ത വര്‍ഷങ്ങളില്‍ സംഭവിക്കുകയെന്നും ചൂട് 1.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നും യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയരക്ടര്‍ ഡോ. മുഹമ്മദ് അല്‍ അബ്രി പറഞ്ഞു.
ദുബൈ പോലിസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രൈസിസ് ആന്റ് നേച്വറല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഡോ. അല്‍ അബ്രി. കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റം ചെറിയ കാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ തുടരാം. മഴ അടുത്ത പതിറ്റാണ്ടുകളില്‍ വര്‍ധിക്കുമെങ്കിലും ഇതേക്കുറിച്ച് കൃത്യമായി പ്രവചിക്കുകയെന്നത് ഏറെ വെല്ലുവിളിയുള്ള കാര്യമാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഉണ്ടായ തീവ്രമായ മഴയും ഇത്തരം കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി വേണം കാണാനെന്നും അദ്ദേഹം പറഞ്ഞു.