സന്യാസി വേഷം കെട്ടിയവര്‍ രാഷ്ട്രീയം വിടണം; മഹാരാഷ്ട്രയില്‍ ഖാര്‍ഗെ – യോഗി വാക് പോര്
ഖാര്‍ഗെയെ രൂക്ഷമായി വിമര്‍ശിച്ച് യോഗിയും
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ രൂക്ഷമായ വാക് പോര്. സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍ ഒന്നുകില്‍ രാഷ്ട്രീയം വിടണം അല്ലെങ്കില്‍ ആ വേഷം ഉപേക്ഷിക്കണമെന്ന ഖാര്‍ഗെയുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് വേദികള്‍ ഖാര്‍ഗെയെ വ്യക്തിപരമായി ആക്ഷേപിക്കാനാണ് യോഗി ഉപയോഗിക്കുന്നത്. യോഗിയുടെ ‘ബടേഗേ തോ കടേഗേ’ മുദ്രാവാക്യത്തിനെ വിമര്‍ശിച്ചാണ് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഖാര്‍ഗെ യോഗിയെ പരിഹസിച്ചത്.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥ ചൂണ്ടിക്കാണിച്ച് ഒന്നിച്ച് നിന്നില്ലെങ്കില്‍ നമ്മള്‍ വീണുപോകുമെന്ന് കാണിച്ച് ഹിന്ദുക്കള്‍ ഒന്നിച്ച് നില്‍ക്കാനുള്ള ആഹ്വാനമാണ് യോഗി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേവേന്ദ്ര ഫഡ്നാവിസുമെല്ലാം മഹാരാഷ്ട്രയില്‍ യോഗിയുടെ മുദ്രാവാക്യം ആദ്യഘട്ടത്തില്‍ ഏറ്റെടുത്തിരുന്നു. ഈ മുദ്രാവാക്യത്തിനെതിരെ മഹാരാഷ്ട്രയിലെ പ്രതിപക്ഷം എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതെന്ന് ഖാര്‍ഗെ ആരോപിച്ചു. യോഗി ആദിത്യനാഥും പ്രധാനമന്ത്രി മോദിയും ഈ മുദ്രാവാക്യങ്ങള്‍ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ചോദ്യവും ഖാര്‍ഗെയുടെ ഭാഗത്ത് നിന്നുണ്ടായി.
പല രാഷ്ട്രീയ നേതാക്കളും സന്ന്യാസികളുടെ വേഷം കെട്ടുന്നുണ്ട്. ഒന്നെങ്കില്‍ അവര്‍ വെള്ള വസ്ത്രം ധരിക്കുകയോ അല്ലെങ്കില്‍ സന്യാസിയാണെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുപോകുകയെന്ന് ഖാര്‍ഗെ വ്യക്തമാക്കി.
ഖാര്‍ഗെയുടെ ഈ പരാമര്‍ശത്തോട് ഹൈദരബാദിലെ ഖാര്‍ഗെയുടെ കുടുംബത്തിന്റെ പഴയകാര്യം ഓര്‍മ്മിപ്പിച്ചാണ് യോഗി മറുപടി പറഞ്ഞത്. ഖാര്‍ഗെ ജി തന്നോട് ദേഷ്യത്തിലാണെങ്കിലും ഒരു യോഗിക്ക് രാജ്യമാണ് ജീവിതത്തിലെ ആദ്യ പ്രധാനപ്പെട്ട കാര്യമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. പക്ഷേ ഖാര്‍ഗേയ്ക്ക് കോണ്‍ഗ്രസാണ് പരമപ്രധാനമെന്നും യോഗി പരിഹസിച്ചു.