ലബനോണിന് യുഎഇയുടെ ഐക്യദാര്‍ഢ്യം; 40 ടണ്‍ മരുന്നുകൂടി ലബനോണിലേക്ക് അയച്ചു
അബുദാബി: ഇസ്രായേലി അധിനിവേശത്തില്‍ കടുത്ത ദുരിതം അനുഭവിക്കുന്ന ലബനോണിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി 40 മെട്രിക് ടണ്‍ മരുന്നുകൂടി യുഎഇ അങ്ങോട്ട് അയച്ചു. മരുന്നും വഹിച്ചു ലബനോണിലേക്കു പോകുന്ന 18ാമത്തെ വിമാനമാണിത്. കഴിഞ്ഞ മാസമാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ലബനോണിന് സമാശ്വാസമായി അത്യാവശ്യ ഭക്ഷ്യവസ്തുക്കളും മരുന്നും ഷെല്ട്ടറുകള്ക്കായുള്ള വസ്തുക്കളും എത്തിക്കാന്‍ തുടങ്ങിയത്.
രാജ്യാന്തര ഏജന്‍സികളായ ലോകാരോഗ്യ സംഘടന, യുഎന്‍ ഹൈക്കമിഷന് ഫോര്‍ റെഫ്യൂജീസ്, ഇന്റെര്‍നാഷ്ണല്‍ ഫെഡറേഷന് ഓഫ് റെഡ് ക്രോസ്, റെഡ് ക്രെസെന്റ് സൊസൈറ്റീസ് തുടങ്ങിയ രാജ്യാന്തര ഏജന്‍സികളുമായി ചേര്‍ന്നാണ് യുഎഇ സഹായം എത്തിക്കുന്നത്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിന് കീഴില്‍ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് തയ്യിബ് ബിന്‍ മുഹമ്മദാണ് സഹായം എത്തിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്.