ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 219 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യയെ മറികടക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന് സാധിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സില്‍ ഒതുങ്ങി. 11 റണ്‍സിനാണ് ഇന്ത്യന്‍ ജയം.
അവസാന ഓവറില്‍ 25 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കക്ക് വേണ്ടിയിരുന്നത്. ആരാധകരാല്‍ ആര്‍ത്തുലഞ്ഞ സ്റ്റേഡിയത്തില്‍ അര്‍ഷ്ദീപ് സിംഗിന്റെ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കക്ക് അടി പതറുകയായിരുന്നു. ബാറ്റിംഗ് നിരയില്‍ ദക്ഷിണാഫ്രിക്കയുടെ മാര്‍കോ ജാന്‍സെന്‍ 54(17) ഉം ഹെയ്ന്റിച്ച് ക്ലാസെന്‍ 41 (22) മാണ് തിളങ്ങിയത്.
ഡക്കായി ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണ്‍ മടങ്ങിയെങ്കിലും സെഞ്ച്വറിയുമായി സെഞ്ജൂറിയന്‍ ഗ്രൗണ്ടില്‍ തിലക് വര്‍മ ഇന്ത്യയുടെ വിജയ ശില്‍പ്പിയായി. 56 പന്തില്‍ 107 റണ്‍സ് എടുത്ത തിലക് എട്ട് ഫോറുകളും ഏഴ് സിക്‌സറുകളും പറത്തി. അഭിഷേക് ശര്‍മ 25 പന്തില്‍ 50 റണ്‍സുമായി മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സിമിലേനയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം നേടി.
അര്‍ഷ്ദീപ് സിംഗാണ് ഇന്ത്യന്‍ ബോളിംഗ് നിരയില്‍ തിളങ്ങിയത്. നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകള്‍ നേടി. നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങി ചക്രവര്‍ത്തി രണ്ട് വിക്കറ്റ് നേടി.
നാളെ രാത്രി 8.30ന് നടക്കുന്ന അവസാന ടി20യില്‍ കൂടെ വിജയിച്ചാല്‍ നാല് മത്സരങ്ങളുള്ള പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. മറിച്ചാണെങ്കില്‍ പരമ്പര ടൈയാകും. ആയതിനാല്‍ നാളെത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.