അബ്ദുൽ റഹീമിന്റെ മോചനത്തിനായി ലഭിച്ചത് 47.87 കോടി രൂപ; ബാക്കിയുള്ളത് 11.60 കോടി രൂപ, കണക്ക് പുറത്തുവിട്ടു
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള വരവ് ചെലവ് കണക്കുകൾ പുറത്തുവിട്ട് നിയമ സഹായ സമിതി. 34 കോടി രൂപയായിരുന്നു അബ്ദുൽ റഹീമിന്റെ ജയിൽ മോചനത്തിന് ആവശ്യമുണ്ടായിരുന്നത്. കുടുംബത്തിന്റെ ആവശ്യത്തോടെ ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നിച്ചപ്പോൾ ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ചത് നാൽപത് കോടി 87 ലക്ഷം രൂപയാണ് (47,87,65,347 രൂപ) ലഭിച്ചത്.
സൗദി ബാലന്റെ കുടുംബത്തിനും അഭിഭാഷകന് നൽകിയതും അടക്കം 36 കോടിയോളം രൂപ (36,27,34,927 രൂപ) ചെലവായി. 11,60,30,420 രൂപയാണ് ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ ബാക്കി വന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. എന്നാൽ റഹീം നാട്ടിലെത്തിയശേഷമായിരിക്കും ബാക്കി തുക എന്ത് ചെയ്യണമെന്ന് ഭാരവാഹികൾ തീരുമാനിക്കുക.
ഒൻപത് ലക്ഷം ആളുകളാണ് ചെറുതും വലുതുമായ സഹായം നൽകി ധനസമാഹരണത്തിൽ പങ്കാളികളായത്. അബ്ദുൽ റഹീമിന്റെ കുടുംബവുമായി റഹിം സഹായ സമിതി ഭിന്നിപ്പിലാണെന്ന വാർത്തയും ഭാരവാഹികൾ തള്ളി .റഹീമിന്റെ കേസ് ഈ മാസം 17ന് റിയാദ് കോടതി പരിഗണിക്കാനിരിക്കുകയാണ്. അതെ ദിവസം തന്നെ റഹീമിന്റെ മോചന ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.