ഒലയെടുത്ത് പെട്ടവര്‍ക്കൊരു സന്തോഷ വാര്‍ത്ത; നിങ്ങള്‍ക്ക് കിട്ടിയ പണി അവര്‍ക്ക് തിരിച്ചു കിട്ടുന്നു
കമ്പനിയുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കും
ന്യൂഡല്‍ഹി: വിപണിയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചെത്തിയ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക്കിന് നല്ല മുട്ടന്‍ പണി വരുന്നുണ്ട്. ഇത് ആരേക്കാളും ഏറെ സന്തോഷിപ്പിക്കുക ഒരുപക്ഷെ ഒലയുടെ ഉപഭോക്താക്കളെ തന്നെയാകും. അജ്ജാതി പണിയാണ് ഒലയെന്ന കമ്പനി ഉപഭോക്താക്കള്‍ക്ക് കൊടുത്തത്. ഒരു കേടുപാടുകളുമില്ലാതിരുന്നാല് ഒല എ്ല്ലാ അര്‍ഥത്തിലും സൂപ്പറാണ്. എന്നാല്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ പിന്നെ പണി പാലും വെള്ളത്തിലാകും കിട്ടുക. സര്‍വീസ് പൂര്‍ത്തിയാക്കുന്നതില്‍, കൃത്യമായ സര്‍വീസ് നല്കുന്നതില്, ആവശ്യമായ നിര്‍ദേശം നല്കുന്നതില് ഇങ്ങനെ തുടങ്ങി ഉപഭോക്താക്കള്‍ക്ക് അനിവാര്യമായ സര്‍വീസ് നല്കാന് ഓല സെന്ററുകള്‍ക്ക് സാധിക്കുന്നില്ലെന്ന ഗുരുതരമായ ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് ഒലക്കെതിരായ നടപടിക്ക് ഉപഭോക്തൃ വിഭാഗം തയ്യാറെടുക്കുന്നത്.
സേവന നിലവാരവും ഉല്‍പ്പന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണം നടത്തുമെന്നും ഇന്ത്യയിലെ മികച്ച ഉല്‍പ്പന്ന സര്ട്ടിഫിക്കേഷന് ഏജന്‍സിയായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിനോട് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖാരെ. റോയിറ്റേഴ്സിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ മാസം, ഉപഭോക്തൃ അവകാശ ഏജന്‍സിക്ക് ഒലയുമായി ബന്ധപ്പെട്ട പതിനായിരത്തിലേറെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) ഒല ഇലക്ട്രിക്കിന് നോട്ടീസ് അയച്ചിരുന്നു. സിസിപിഎയില്‍ നിന്ന് ലഭിച്ച 10,644 പരാതികളില്‍ 99.1 ശതമാനവും പരിഹരിച്ചിട്ടുണ്ടെന്ന് ഒല പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ പ്രതികരണം അവലോകനം ചെയ്ത ശേഷം വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സിസിപിഎ ഇപ്പോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിനോട് ആവശ്യപ്പെട്ടത്.