മണിപ്പൂരിൽ അഭയാർഥി ക്യാമ്പിൽ നിന്ന് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തി
മണിപ്പൂരിൽ അഭയാർഥി ക്യാമ്പിൽ നിന്ന് കാണാതായ 3 പേരുടെ മൃതദേഹം കണ്ടെത്തി. മണിപ്പൂരിലെ ജിരിബാം ജില്ലയിലെ അഭയാർഥി ക്യാമ്പിൽ നിന്ന് കാണാതായ ആറ് മെയ്തെയ് വിഭാഗക്കാരിൽ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നവംബർ 11ന് കാണാതായ ഇവരുടെ മൃതദേഹം ജിരി നദിയിലൂടെ ഒഴുകിയെത്തുകയായിരുന്നു. രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
ഒരേ കുടുംബത്തിലെ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് കാണാതായത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ അസമിലെ കചർ ജില്ലയിലെ സിൽച്ചാർ മെഡിക്കൽ കോളേജിലേക്ക് (എസ്എംസി) പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
അതേസമയം തിങ്കളാഴ്ച ജിരിബാമിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 10 പേരുടെ മൃതദേഹങ്ങൾ പെട്ടെന്ന് വിട്ടുതരണമെന്ന് അസം ഭരണകൂടത്തോട് ഹമാർ ഗോത്രത്തെ പ്രതിനിധീകരിക്കുന്ന ഹമാർ ഇൻപുയ് ആവശ്യപ്പെട്ടു. നിലവിൽ പോസ്റ്റ്മോർട്ടത്തിനും മറ്റ് പരിശോധനകൾക്കും വേണ്ടി എസ്എംസിയിലാണ് മൃതദേഹങ്ങളുള്ളത്.