വെറുപ്പിന്റെ സംഘത്തിൽ നിന്ന് വിട്ടതിൽ സന്തോഷം; ബിജെപി വിടാൻ കാരണം സുരേന്ദ്രനെന്ന് സന്ദീപ് വാര്യർ
കെ സുരേന്ദ്രനും സംഘവുമാണ് താൻ കോൺഗ്രസിലേക്ക് വരാനുള്ള ഏക കാരണമെന്ന് ബിജെപി വിട്ട സന്ദീപ് വാര്യർ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ക്യാമ്പിൽ നിന്ന് മോചിതനാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എല്ലായ്പ്പോഴും വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന സംഘടനയിൽ നിന്ന് പിന്തുണയും സ്നേഹവും പ്രതീക്ഷിച്ചതാണ് താൻ ചെയ്ത തെറ്റെന്നും സന്ദീപ് വാര്യർ പറഞ്ഞു
ബിജെപി നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള അഡ്ജെസ്റ്റ്മെന്റുകൾ കണ്ട് മടുത്താണ് പാർട്ടി മാറുന്നത്. കരുവന്നൂർ തട്ടിപ്പ് എതിർത്തതിനാണ് എന്നെ ബിജെപി ഒറ്റപ്പെടുത്തിയത്. സ്നേഹത്തിന്റെ കടയിൽ അംഗത്വം എടുക്കാനാണ് തീരുമാനം. ഇത്രയും കാലം ബിജെപിയിൽ പ്രവർത്തിച്ചതിൽ ജാള്യത തോന്നുന്നു.
താൻ ഇതുവരെ പറഞ്ഞത് ബിജെപിയുടെ ആശയങ്ങളായിരുന്നു. അതൊരിക്കലും വ്യക്തിപരമായിരുന്നില്ല. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും. രാഹുൽ ജയിക്കുന്നതു വരെ ഇവിടെയുണ്ടാകുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.