തളിക്കുളം ഹാഷിദ വധക്കേസ്: പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ
തളിക്കുളം ഹാഷിദ വധക്കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷയും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകൾ ഹാഷിദയെ(24) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കാട്ടൂർ പണിക്കർമൂല മംഗലത്തറ വീട്ടിൽ മുഹമ്മദ് ആസിഫ് അസീസിനെ ശിക്ഷിച്ചത്.
2022 ഓഗസ്റ്റ് 20നാണ് സംഭവം. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് 18ാം ദിവസമാണ് ഹാഷിദയെ മുഹമ്മദ് ആസിഫ് മാരകമായി വെട്ടി പരുക്കേൽപ്പിച്ചത്. ഹാഷിദയുടെ പിതാവ് നൂറുദ്ദീനും തലയ്ക്ക് വെട്ടേറ്റു. ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസമാണ് ഹാഷിദ മരിക്കുന്നത്
വലപ്പാട് സിഐ കെഎസ് സുശാന്താണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പിന്നീട് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആയിരുന്ന എൻ എസ് സലീഷ് അന്വേഷണം ഏറ്റെടുത്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്, അഭിഭാഷകരായ പിഎ ജയിംസ്, എബിൻ ഗോപുരൻ, അൽജോ പി ആന്റണി, ടി ജി സൗമ്യ എന്നിവർ ഹാജരായി.