സ്വര്‍ണം ഇന്ത്യയില്‍ നിന്ന് തന്നെ വാങ്ങാം; ഗള്‍ഫിലേക്കാള്‍ വിലക്കുറവ്
ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണത്തെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിപണിയിലെ മാറ്റങ്ങള്‍ സാകൂതം നിരീക്ഷിക്കുന്നവരാണ് പൊതുവെ എല്ലാവരും. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെയില്‍ അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് ഇന്ത്യന്‍ സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒക്ടോബര്‍ 31 ന് 59960 എന്ന സര്‍വകാല റെക്കോഡിലായിരുന്നു സ്വര്‍ണം.
എന്നാല്‍ ഇന്ന് 55480 എന്ന നിലയിലാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 17 ദിവസം കൊണ്ട് 4480 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ വിലയില്‍ ഇങ്ങനെ ഒരു ഇടിവ് ഉണ്ടായിട്ടില്ല. മാത്രമല്ല ലോകത്തെ മറ്റ് പ്രധാന സ്വര്‍ണ വിപണന കേന്ദ്രങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് സ്വര്‍ണത്തിന് ഏറ്റവും വിലയിടിവ്.
24 കാരറ്റ് സ്വര്‍ണത്തിന് 10 ഗ്രാമിന് 75650 രൂപയാണ് ഇന്ത്യയിലെ ഇന്നലത്തെ വില. 22 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 69350, 18 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 56740 എന്നിങ്ങനെയാണ് ഇന്ത്യയിലെ നിലവിലെ വില നിലവാരം. എന്നാല്‍ ഒമാനില്‍ സ്വര്‍ണവില ഇന്നലെ 10 ഗ്രാമിന് 220 രൂപ കൂടിയതോടെ 24 കാരറ്റിന് 75763 രൂപ എന്ന നിലയില്‍ എത്തി. ഖത്തറില്‍ 24 കാരറ്റിന്റെ പത്ത് ഗ്രാം സ്വര്‍ണം വാങ്ങാന്‍ കൊടുക്കേണ്ടത് 76293 രൂപയാണ്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളാണ് ഗള്‍ഫ് മേഖലയില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം. എന്നാല്‍ ആഗോളതലത്തില്‍ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. യുഎസില്‍ സ്പോട്ട് വിലകള്‍ 4.5% ഇടിഞ്ഞു. രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ ട്രോയ് ഔണ്‍സിന് ഏകദേശം 2,563.25 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ഉയര്‍ന്ന യുഎസ് ട്രഷറി ആദായത്തിന്റെ പ്രതീക്ഷകളും കരുത്തുറ്റ ഡോളറും സ്വര്‍ണത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഒക്ടോബറിലെ റെക്കോര്‍ഡ് വില വര്‍ധനവിന് ശേഷമാണ് സ്വര്‍ണം ഇത്തരത്തില്‍ താഴേക്ക് പതിച്ചത്. ഇതിന് ശേഷം വിലയില്‍ ഏഴ് ശതമാനത്തോളം ഇടിവുണ്ടായി. നവംബര്‍ ഒന്നിന് പവന് 59080 എന്ന നിലയിലായിരുന്നു സ്വര്‍ണം വ്യാപാരം തുടങ്ങിയത്. പിന്നീടുള്ള മൂന്ന് ദിവസങ്ങളിലും 58960 ല്‍ ആയിരുന്നു പവന്‍വില.
നവംബര്‍ 7 നാണ് സ്വര്‍ണ വില കുത്തനെ താഴേക്ക് പോകുന്നത്. 1320 രൂപയാണ് ഒറ്റ ദിവസം കുറഞ്ഞത്. തൊട്ടടുത്ത ദിവസം 680 രൂപ വര്‍ധിച്ചെങ്കിലും പിന്നീട് താഴേക്ക് വീണു. നവംബര്‍ 12 ന് 1080 രൂപ പവന് കുറഞ്ഞു. പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി 1200 രൂപയോളം സ്വര്‍ണവിലയില്‍ ഇടിവുണ്ടായി