Novel

വരും ജന്മം നിനക്കായ്: ഭാഗം 38

രചന: ശിവ എസ് നായർ

നിരവധി തവണ ശിവപ്രസാദ് അവളെ ഉറക്കി കിടത്തി റേപ്പ് ചെയ്ത വീഡിയോസ് ഗായത്രി കണ്ടു…

തനിക്ക് തന്റെ ഭർത്താവിനോടുണ്ടായിരുന്ന വിശ്വാസത്തിന്റെ നെറുകയിലേറ്റ കനത്ത പ്രഹരമായിരുന്നു അവൾക്കത്…

നിമിഷങ്ങളോളം ശ്വാസമെടുക്കാൻ മറന്ന് അവളിരുന്നുപോയി. തലയിണയിൽ മുഖം അമർത്തി ഗായത്രി ഏറെ നേരം കരഞ്ഞു.

അത്രയ്ക്കുണ്ടായിരുന്നു അവളുടെ സങ്കടം. ഇങ്ങനെയൊരു പടുകുഴിയിലാണല്ലോ താൻ വീണ് പോയതെന്നോർത്ത് ഗായത്രിക്ക് കടുത്ത മനസ്താപം തോന്നി.

ഈ കുരുക്കിൽ നിന്ന് താനെങ്ങനെ രക്ഷപ്പെടും. ആരോടാ ഇതൊക്കെ ഒന്ന് വിശ്വസിച്ചു പറയുക?

ഇത്രയ്ക്ക് വൃത്തികെട്ട ഒരുത്തനോട് ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിൽ തുടർന്ന് എങ്ങനെ ജീവിക്കും? പരസ്ത്രീ ബന്ധമാണെങ്കിൽ കൂടി ഇത്രയും സങ്കടം തോന്നില്ലായിരുന്നു. ഇത് പക്ഷേ രതി വൈകൃതമുള്ള ഒരുത്തനാണ്. ആ മുഖം ഓർക്കുമ്പോൾ തന്നെ ഇപ്പോ വെറുപ്പാണ് മനസ്സിൽ തോന്നുന്നത്.

എല്ലാം അവന്റെ അഭിനയമായിരുന്നു. തന്നെ പറഞ്ഞ് വിശ്വസിപ്പിക്കാൻ അവന് സാധിച്ചു. എവിടെയും ഒരു സംശയം തോന്നിയില്ല. ശരീരമൊക്കെ വേദനച്ചിട്ട് കൂടി ഇങ്ങനെയൊരു സാധ്യത മനസ്സിൽ വന്നില്ല.

തന്നോട് ഈ കാട്ടിയതിനൊക്കെ തക്കതായ ശിക്ഷ തന്നെ കൊടുക്കണം. വെറുതെ വിടാൻ പാടില്ല. തെളിവുകളോടെ പോലീസിൽ കേസ് കൊടുക്കണം. ആ വൃത്തികെട്ടവനെ എല്ലാരുടെയും മുൻപിൽ നാറ്റിക്കണം.

ഒഴുകിയിറങ്ങിയ കണ്ണുനീർ അവൾ വാശിയോടെ തുടച്ചു.

ശ്വാസമൊന്ന് ആഞ്ഞുവലിച്ചു കൊണ്ട് ഗായത്രി ബാക്കിയുണ്ടായിരുന്ന വീഡിയോസ് പരിശോധിക്കാൻ തുടങ്ങി.

സ്‌ക്രീനിൽ അഖിലിനൊപ്പം മോർഫ് ചെയ്ത രീതിയിലുള്ള തങ്ങളുടെ ബെഡ്‌റൂം രംഗങ്ങൾ തെളിഞ്ഞു വന്നതും ഗായത്രി ഞെട്ടിപ്പിടഞ്ഞു പോയി. ഇത്തരത്തിൽ ഒരു ബന്ധം നടന്നിട്ടില്ലാത്തത് കൊണ്ട് അത് ശിവപ്രസാദ് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് അവൾക്ക് ഉറപ്പുള്ള കാര്യമാണ്. പക്ഷേ അവനെങ്ങനെ ഇങ്ങനെയൊരു വീഡിയോ ഉണ്ടാക്കിയെടുത്തു എന്നാണ് ഗായത്രി ചിന്തിച്ചത്. അതും എന്തിന് വേണ്ടി.

സ്വന്തം ഭാര്യ അവളുടെ പൂർവ്വ കാമുകനൊപ്പം കിടക്ക പങ്കിടുന്ന രീതിയിലുള്ള ഒരു വീഡിയോ ഉണ്ടാക്കാൻ മാത്രം ശിവപ്രസാദ് തരംതാഴ്ന്നു പോയോ. ഗായത്രിയുടെ മനസ്സിൽ അവനോട് വല്ലാത്ത വെറുപ്പ് നിറഞ്ഞു.

ഇങ്ങനെയൊക്കെ ചെയ്യണമെങ്കിൽ അവന്റെ മനസ്സിൽ എന്തോ പദ്ധതിയുണ്ടെന്ന് അവൾക്ക് ഉറപ്പായി. സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ശിവപ്രസാദിനെ കുറിച്ച് താൻ കൂടുതൽ അറിയേണ്ടിയിരിക്കുന്നു. ഒപ്പം അവന്റെയുള്ളിലെ ഉദ്ദേശവും കണ്ട് പിടിക്കണം. അതറിയണമെങ്കിൽ അവന്റെ യഥാർത്ഥ മുഖം അവൻ തന്നെ തനിക്ക് മുന്നിൽ തുറന്ന് കാട്ടേണ്ട സാഹചര്യം ഉണ്ടാവണം.

എവിടുന്ന് തുടങ്ങും എങ്ങനെ തുടങ്ങും? ഈ വീഡിയോസൊക്കെ ശിവപ്രസാദിന്റെ കയ്യിലിരിക്കുന്നത് തനിക്ക് ദോഷം ചെയ്യുമെന്ന് ഗായത്രി ഓർത്തു. കാരണം അഖിലിനൊപ്പമുള്ള തന്റെ മോർഫഡ് വീഡിയോ മറ്റാരെങ്കിലും കണ്ടാൽ അത് സത്യമാണെന്ന് തന്നെ കാണുന്നവർ വിശ്വസിച്ചു പോകും. അങ്ങനെയാണ് അവനത് എഡിറ്റ്‌ ചെയ്ത് വച്ചിരിക്കുന്നത്.

പക്ഷേ അത് ഫാബ്രിക്കേറ്റഡ് വീഡിയോയാണെന്നതിന്റെ പ്രധാന തെളിവ് അഖിലിനൊപ്പമുള്ള വീഡിയോയുടെ ബാക്ക്ഗ്രൗണ്ട് ഈ റൂമും ബെഡും ഒക്കെയാണ്. അത് പറഞ്ഞ് തനിക്ക് പിടിച്ചു നിൽക്കാം. പക്ഷേ ജയിക്കാൻ വേണ്ടി ശിവപ്രസാദ് എന്ത് വൃത്തികേടും പറയാം. വേണമെങ്കിൽ താൻ അഖിലേട്ടനെ ഇങ്ങോട്ട് വിളിച്ചു കയറ്റിയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാനും മിടുക്കനാണ്.

സ്വന്തം അനുഭവം വച്ച് നോക്കിയാൽ നന്നായി അഭിനയിക്കാൻ അറിയാവുന്നവനാണ് ശിവപ്രസാദ്. തന്റെ വീട്ടുകാരെയൊക്കെ മയക്കി വച്ചിട്ടുണ്ട്.

ഓർക്കുംതോറും ഗായത്രിക്ക് ഭ്രാന്ത് കയറി. ഈ ചക്രവ്യൂഹത്തിൽ നിന്നും പുറത്ത് കടക്കാൻ താൻ കുറച്ചു വിയർക്കും. വിശ്വസിച്ചു ഒപ്പം നിർത്താനോ സഹായം ചോദിക്കാനോ തനിക്ക് ആരുമില്ല. ഇക്കാര്യത്തിൽ ആരെയും വിശ്വസിക്കാനും തനിക്ക് കഴിയുകയുമില്ല.

ഉള്ളിലെ വിങ്ങൽ അടക്കി വയ്ക്കാൻ കഴിയാതെ ഗായത്രി ശബ്ദമില്ലാതെ കരഞ്ഞു. തന്റെ വിധിയോർത്ത് അവൾ സ്വയം തലയ്ക്കടിച്ചു. എത്ര ആലോചിച്ചിട്ടും ഗായത്രിക്ക് ഒരു പരിഹാര മാർഗം കണ്ടെത്താൻ കഴിഞ്ഞില്ല.

കരഞ്ഞു കരഞ്ഞു അവളുടെ കണ്ണുകൾ വീർത്തുപോയി. കുറേസമയം അവൾ ഒരേ ഇരിപ്പിരുന്നു. അങ്ങനെ ചിന്തിച്ചിരുന്നപ്പോഴാണ് ഗായത്രിക്ക് രേവതിയുടെ കാര്യം ഓർമ്മ വന്നത്. അവൾ ഫോൺ എടുത്ത് വേഗം രേവതിയെ വിളിച്ചു.

രണ്ട് റിങ്ങിനപ്പുറം മറുതലയ്ക്കൽ കാൾ അറ്റൻഡ് ചെയ്യപ്പെട്ടു.

“ഹലോ… ഗായു…”

“ഹലോ… രേവതി ഫ്രീയാണോ?”

“അതേ… ഫ്രീയാണല്ലോ. ഗായു എന്താ വിളിച്ചത്.”

“ഞാനൊരു കാര്യം ചോദിച്ചാൽ രേവതി സത്യം പറയുമോ?” ഗായത്രിയുടെ ചോദ്യം കേട്ടപ്പോൾ തന്നെ അവൾക്കെന്തോ പന്തികേട് അനുഭവപ്പെട്ടു.

“എന്താ ഗായു?? ശിവേട്ടൻ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ?”

“അതെന്താ രേവതി അങ്ങനെ ചോദിച്ചത്?”

“അത് പിന്നെ… ഞാൻ… എനിക്ക്?” രേവതിക്ക് ഉത്തരമില്ലായിരുന്നു.

“ശിവേട്ടൻ എന്തോ പ്രശ്നമുണ്ടാക്കിയെന്ന് രേവതിക്ക് ചോദിക്കാൻ തോന്നണമെങ്കിൽ അയാളൊരു കുഴപ്പക്കാരനാണെന്ന് രേവതിക്ക് നേരത്തെ തന്നെ അറിയുന്നത് കൊണ്ടല്ലേ?” ഗായത്രി അടുത്ത ചോദ്യം ചോദിച്ചു.

“ഗായു… എന്നെ കുഴപ്പിക്കരുത്. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായോ?”

“ഇതുവരെ പ്രശ്നമൊന്നുമില്ല… പക്ഷേ ഇനി ഉണ്ടായി കൂടെന്നില്ല.”

“ഗായൂ… താനിങ്ങനെ ചുറ്റി വളയ്ക്കാതെ കാര്യം പറയ്യ്.”

“എനിക്ക് പറയാനല്ല രേവതിയോട് ചിലത് ചോദിക്കാനാ ഉള്ളത്. ശിവേട്ടനെ കുറിച്ച് എന്നോട് എന്തെങ്കിലും കാര്യം പറയാതെ മറച്ച് വച്ചിട്ടുണ്ടോ താൻ?”

“അത് പിന്നെ ഗായു… ഞാൻ…” രേവതിക്ക് മറുപടി പറയാൻ കഴ്ഞ്ഞില്ല.

“അപ്പോൾ മറച്ചു വച്ചിട്ടുണ്ടല്ലേ.”

നൊമ്പരത്തോടെ ഗായത്രി ചോദിച്ചു.

“നീ വിചാരിക്കും പോലെയല്ല ഗായു കാര്യങ്ങൾ. ഞാൻ എന്തെങ്കിലും പറയാതിരുന്നിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ജീവിതം നന്നായി പോകാൻ വേണ്ടിയായിരുന്നു.”

“അതൊന്നും എനിക്ക് കേൾക്കണ്ട… ഒരു കാര്യം കൂടി എനിക്കറിയണം. വർണ്ണയുമായുള്ള ശിവേട്ടന്റെ കല്യാണം മുടങ്ങാനുള്ള കാരണം രേവതിക്ക് അറിയുമോ?”

“അറിയാം…” രേവതിയുടെ ശബ്ദം നേർത്തു പോയി.

“എന്നിട്ട് എന്ത് കൊണ്ട് എന്നോടത് പറഞ്ഞില്ല.”

“നിങ്ങളുടെ ലൈഫ് എങ്ങനെ പോകുന്നെന്ന് നോക്കിയിട്ട് പറയാമെന്നു കരുതി.”

“എനിക്ക് രേവതിയെ നാളെത്തന്നെ കാണണം. ഈ വീട്ടിൽ വച്ച് വേണ്ട. പുറത്തെവിടെയെങ്കിലും വരാം ഞാൻ. എന്നോട് പറയാതെ മറച്ചു വച്ചതെല്ലാം നാളെ തന്നെ എന്നോട് പറയണം. എല്ലാം എനിക്കറിഞ്ഞേ പറ്റു.” ഗായത്രി എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ പറഞ്ഞു.

“ഞാൻ വരാം ഗായു…” രേവതിയുടെ സ്വരത്തിൽ കുറ്റബോധം നിഴലിച്ചിരുന്നു.

🍁🍁🍁🍁🍁

അന്ന് വൈകുന്നേരം ഓഫീസിൽ നിന്നെത്തിയ ശിവപ്രസാദിനോട് ഒന്നും അറിയാത്ത ഭാവത്തിൽ അഭിനയിച്ചു നിൽക്കാൻ ഗായത്രി നന്നേ പ്രയാസപ്പെട്ടു.

ആ മുഖവും അവന്റെ സാമീപ്യവും സംസാരവുമൊക്കെ അവളിൽ വെറുപ്പ് കൂട്ടിക്കൊണ്ടിരുന്നു. ശിവപ്രസാദിന്റെ തേനൊലിപ്പിക്കുന്ന സംസാരം കേൾക്കുമ്പോൾ അവന്റെ കരണം നോക്കി ഒരടി കൊടുക്കാൻ അവളുടെ കൈതരിച്ചു.

എടുത്തു ചാടി എന്തെങ്കിലും പ്രവർത്തിക്കാതിരിക്കാൻ ഗായത്രി സ്വന്തം മനസ്സിനെ കടിഞ്ഞാണിട്ട് നിർത്താൻ ശ്രമിച്ചു.

🍁🍁🍁🍁🍁

പിറ്റേന്ന് ശനിയാഴ്ചയായിരുന്നു. കോളേജിൽ എക്സ്ട്രാ ക്ലാസ്സുണ്ടെന്ന് പറഞ്ഞാണ് ഗായത്രി അന്ന് വീട്ടിൽ നിന്നിറങ്ങിയത്. ശിവപ്രസാദ് അവളെ കോളേജ് മുറ്റത്ത്‌ ഇറക്കിയ ശേഷം ഓഫീസിലേക്ക് പോയി.

കോളേജിന് അടുത്തുള്ള ഒരു കോഫി ഷോപ്പിലേക്കാണ് രേവതി വരാമെന്ന് പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ അവൾ എത്തുന്നത് വരെ കോളേജ് ലൈബ്രറിയിൽ സമയം ചിലവഴിക്കാൻ ഗായത്രി തീരുമാനിച്ചു.

അന്നേ ദിവസത്തെ പത്രം മറിച്ച് നോക്കി കൊണ്ട് അവൾ ലൈബ്രറിയിൽ ഇരുന്നു. ഗായത്രിയുടെ മനസ്സാകെ ഉഴുതു മറിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. കണ്ണുകൾ പത്ര താളിൽ ആണെങ്കിലും മനസ്സ് മറ്റെങ്ങോ ആയിരുന്നു.

മൊബൈലിന്റെ റിങ് ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്. നോക്കിയപ്പോൾ രേവതിയാണ് വിളിക്കുന്നത്. സമയം കൃത്യം പത്തരയായിട്ടിട്ടുണ്ട്.

രേവതി പറഞ്ഞ സമയത്ത് തന്നെ എത്തിയിട്ട് അവളെ ഫോണിൽ വിളിച്ചതായിരുന്നു.

ഗായത്രി പത്രം മടക്കി വച്ചിട്ട് ബാഗും എടുത്ത് എണീറ്റു.

🍁🍁🍁🍁

കോഫി ഷോപ്പിൽ രേവതിക്ക് എതിർ വശത്തായി ഗായത്രി ഇരുന്നു. കയ്യിലിരുന്ന മൊബൈൽ റെക്കോർഡിൽ ഇട്ടിട്ട് അലസമായി അവൾ ടേബിളിന് മുകളിൽ വച്ചു.

ഇവിടം മുതൽ എല്ലാത്തിനും തെളിവ് വേണം. ശിവപ്രസാദിനെ പൂട്ടുമ്പോൾ രക്ഷപെടാൻ സാധിക്കാത്ത വിധം തന്നെ പൂട്ടണമെന്ന ഉദേശത്തിലായിരുന്നു ഗായത്രി…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button