Kerala

ലുലു വീണ്ടും കേരളത്തിലേക്ക്; പത്തനാപുരത്ത് തുടങ്ങാന്‍ പോകുന്നത് ഹൈപ്പര്‍മാര്‍ക്കറ്റ്: ഗണേഷിന്റെ പരിശ്രമം

പത്തനാപുരം: കേരളത്തില്‍ വീണ്ടും നിക്ഷേപത്തിന് ലുലു ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പത്തനാപുരത്ത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനുള്ള സാധ്യതകള്‍ തേടുകയാണ് എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ മണ്ഡലമാണ് പത്തനാപുരം. മണ്ഡലത്തില്‍ നവംബര്‍ മൂന്നിന് നടന്ന ഒരു പരിപാടിക്കിടെയാണ് ഗണേഷ് കുമാര്‍ ലുലു ഗ്രൂപ്പുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു എന്ന് വെളിപ്പെടുത്തിയത്.

ഗണേഷ് കുമാറിന്റെ പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹത്തിന്റെ ഫാന്‍ പേജുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട് എന്നും 98 ശതമാനവും ഇത് വിജയകരമാകാനാണ് സാധ്യത എന്നും ഗണേഷ് കുമാര്‍ പറയുന്നു. ഗണേഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…

‘നമ്മുടെ ഷോപ്പിംഗ് മാള്‍. വളരെ പ്രധാനപ്പെട്ട ഒന്ന് രണ്ട് സ്ഥാപനങ്ങള്‍ വരേണ്ടതുണ്ട്. ഞാന്‍ തന്നെ നേരിട്ട് ലുലുവുമായി സംസാരിച്ചിരിക്കുകയാണ്. ആദ്യം അവര്‍ വന്നു. ചില പരിമിതികളുണ്ട് എന്ന് പറഞ്ഞ് അവര്‍ പോയി. പക്ഷെ നമുക്ക് അതൊന്നും ചെയ്യാന്‍ പറ്റാത്ത പരിമിതിയാണ്. അതിന്റെ ഉയരം കൂട്ടാന്‍ പറ്റില്ല. ഉയരം കുറവാണ് എന്ന് പറഞ്ഞു. പക്ഷെ മറ്റൊരു വിധത്തില്‍ ചെയ്യാം എന്ന് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു.

അവര്‍ വീണ്ടും പദ്ധതി തട്ടിക്കുടഞ്ഞെടുത്ത് കൊണ്ട് പത്തനാപുരത്തേക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊണ്ടുവരാനുള്ള പരിപാടിയിലാണ്. അതിനാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. പരമാവധി ശ്രമിക്കണം. വലിയൊരു കമ്പനി, വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് അതിനുള്ളില്‍ വന്ന് കഴിഞ്ഞാല്‍ മറ്റ് കച്ചവടക്കാര്‍ക്കും ഗുണം ചെയ്യും. ആ ഷോപ്പിംഗ് കോംപ്ലക്‌സ് വലിയ വിജയമായി മാറുകയും ചെയ്യും.

ഞാന്‍ തന്നെ ബഹുമാന്യനായ യൂസഫലിയെ നേരിട്ട് കാണുകയും അദ്ദേഹത്തോട് ഈ അഭ്യര്‍ത്ഥന വെക്കുകയും ചെയ്തിട്ടുണ്ട്. നേരിട്ട് കണ്ട് പറയുകയാണ് ചെയ്തത്. അതിന് ശേഷം അദ്ദേഹത്തിന്റെ മാനേജര്‍മാരെ എന്നെ ബന്ധപ്പെട്ടു. മോഹന്‍ലാലിന്റെ ആശിര്‍വാദിന്റെ മൂന്ന് തിയേറ്ററുകള്‍ അതിനുള്ളില്‍ വരാനിരിക്കുകയാണ്. നമ്മള്‍ കെട്ടിടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്ന മുറയ്ക്ക് തിയേറ്ററും തുറക്കും.

Related Articles

Back to top button