ബലാത്സംഗ കേസ്: സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സിദ്ധിഖിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി കേസ് മാറ്റിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സർക്കാർ വാദത്തിന് പ്രതിഭാഗം ഇന്ന് കോടതിയിൽ മറുപടി നൽകും. സിദ്ധിഖിനെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് സർക്കാർ വാദം. കേസിലെ പരാതിക്കാരിയും ജാമ്യാപേക്ഷയെ എതിർക്കും.
നേരത്തെ സർക്കാർ റിപ്പോർട്ടിന് സുപ്രീം കോടതിയിൽ സിദ്ധിഖ് മറുപടി നൽകിയിരുന്നു. യാഥാർഥ്യങ്ങൾ വളച്ചൊടിച്ചാണ് റിപ്പോർട്ട്. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പോലീസ് പറയുന്നു. തനിക്കെതിരെ ഇല്ലാ കഥകൾ മെനയുകയാണെന്നും സിദ്ധിഖ് മറുപടിവാദത്തിൽ പറഞ്ഞിരുന്നു.