പാലക്കാട് എൽഡിഎഫിന്റെ പൂഴിക്കടകൻ; സന്ദീപ് വാര്യരെ വിമർശിച്ച് സുപ്രഭാതത്തിലും സിറാജിലും പരസ്യം
പാലക്കാട് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വേറിട്ട ഒരു പ്രചാരണ തന്ത്രവുമായി സിപിഎം. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ ആയുധമാക്കി സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളിൽ നൽകിയ പരസ്യമാണ് ശ്രദ്ധേയമാകുന്നത്. അഡ്വറ്റോറിയൽ ശൈലിയിലാണ് പരസ്യം
വാർത്താ ശൈലിയിലുള്ള പരസ്യത്തെയാണ് അഡ്വറ്റോറിയൽ എന്ന് വിശേഷിപ്പിക്കുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ വാർത്ത എന്ന് മാത്രമേ തോന്നുകയുള്ളൂ. സമസ്തയുടെതാണ് സുപ്രഭാതം പത്രം. കാന്തപുരം വിഭാഗത്തിന്റെ പത്രമാണ് സിറാജ്. സുപ്രഭാതത്തിലും സിറാജിലും ഈ രീതിയിൽ പരസ്യം നൽകുക വഴി ന്യൂനപക്ഷങ്ങൾക്കിടയിലേക്ക് വൻ തോതിലുള്ള പ്രചാരണം കൂടിയാണ് ഇടതുപക്ഷം ലക്ഷ്യമിട്ടത്
പരസ്യത്തിന്റെ മുകളിലായി സരിൻ തരംഗം എന്ന വലിയ തലക്കെട്ടാണ് നൽകിയിരിക്കുന്നത്. തൊട്ടുതാഴെയാണ് സന്ദീപ് വാര്യർക്കെതിരായ വിമർശനങ്ങൾ. സന്ദീപ് പലതവണയായി പറഞ്ഞ വിവിധ വർഗീയ പരാമർശങ്ങളാണ് പരസ്യത്തിലുള്ളത്. കാശ്മീരികളുടെ കൂട്ടക്കൊല ആഹ്വാനം, സിഎഎ കേരളത്തിൽ നടപ്പാക്കുമെന്ന് പറഞ്ഞ പോസ്റ്റുകൾ, ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമർശങ്ങളാണ് താഴെ ഭാഗത്ത് കൊടുത്തിരിക്കുന്നത്.