Sports

ഓസീസ് പരീക്ഷണത്തിന് അരങ്ങുണരുന്നു; ആദ്യ ടെസ്റ്റിൽ ജഡേജ കളിച്ചേക്കില്ല

ബോർഡർ – ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് നാളെ മുതൽ ആരംഭിക്കും. പെർത്തിലെ ദി ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ സമയം രാവിലെ 7.50നാണ് മത്സരം ആരംഭിക്കുക. രവീന്ദ്ര ജഡേജ ടീമിൽ നാളെ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഫാസ്റ്റ് ബൗളിംഗിനെ പിന്തുണയ്ക്കുന്ന പിച്ച് ആയതിനാൽ അശ്വിൻ ആവും സ്പിന്നറായി കളിക്കുക. ഓൾറൗണ്ടർ നിതീഷ് റെഡ്ഡി നാളെ അരങ്ങേറുമെന്നാണ് വിവരം.

രോഹിത് ശർമ്മയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുക. രോഹിതിന് പകരം കെഎൽ രാഹുൽ ഓപ്പണറായി എത്തും. പരിക്കേറ്റ ശുഭ്മൻ ഗിലിന് പകരം ദേവ്ദത്ത് പടിക്കലാവും മൂന്നാം നമ്പറിൽ ഇറങ്ങുക. ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവർ സ്പെഷ്യലിസ്റ്റ് പേസർമാരാവും. സർഫറാസ് ഖാന് പകരം ധ്രുവ് ജുറേലിന് ടീമിൽ ഇടം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ഹോഷ് ഹേസൽവുഡ് എന്നീ സ്പെഷ്യലിസ്റ്റ് പേസർമാർക്കൊപ്പം മിച്ചൽ മാർഷാവും ഓസ്ട്രേലിയയുടെ നാലാം പേസർ. നതാൻ ലിയോൺ സ്പെഷ്യലിസ്റ്റ് സ്പിന്നറാവും. ഉസ്മാൻ ഖവാജയ്ക്കൊപ്പം നതാൻ മക്സ്വീനിയാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. വാർണറിന് പകരം മക്സ്വീനി എന്നതൊഴിച്ചാൽ ഓസീസ് ബാറ്റിംഗ് നിരയ്ക്ക് മാറ്റമുണ്ടാവില്ല.

ആദ്യ മത്സരത്തിനായി ക്രിക്കറ്റ് ഓസ്ട്രേലിയ തയ്യാറാക്കിയിരിക്കുന്നത് ഫാസ്റ്റ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചാണ്. പെർത്തിലെ വാക്ക ഗ്രൗണ്ടിലേതിന് സമാനമായ പിച്ചാണ് ഒപ്റ്റസിലെയും. 2018 മുതൽ രാജ്യാന്തര മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന ഗ്രൗണ്ടാണ് ഒപ്റ്റസ്. അതിന് മുൻപ് വാക്കയിൽ മാത്രമായിരുന്നു പെർത്തിലെ മത്സരങ്ങൾ.

ലോകത്തിലെ തന്നെ ഏറ്റവും വേഗതയുള്ളതും ബൗൺസ് ലഭിക്കുന്നതുമായ പിച്ചാണ് വാക്കയിലുള്ളത്. ഒപ്റ്റസ് സ്റ്റേഡിയത്തിലെ പിച്ചും ഇതിനോട് സമാനമാണെന്ന് ക്യുറേറ്റൻ ഐസക് മക്ഡൊണാൾഡ് പറഞ്ഞിരുന്നു. നല്ല ബൗൺസും വേഗതയും ക്യാരിയും ലഭിക്കുന്ന പിച്ചാവും ഒപ്റ്റസിലേത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. ഇതിനൊപ്പം മഴ പെയ്യാൻ സാധ്യതയുണ്ടെന്നത് പിച്ചിലെ അപകടം വർധിപ്പിക്കും. മത്സരത്തിൻ്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ മഴസാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിൽ ഈർപ്പം തങ്ങിനിൽക്കാനിടയുണ്ട്. മഴ പെയ്താലും ഇല്ലെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പം സംരക്ഷിക്കുമെന്നും ഐസക് മക്ഡൊണാൾഡ് പറഞ്ഞു.

ബോർഡർ – ഗവാസ്കർ ട്രോഫിയ്ക്കുള്ള സാധ്യതാടീമുകൾ

ഇന്ത്യ : യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ, വിരാട് കോലി, ഋഷഭ് പന്ത്, ധ്രുവ് ജുറേൽ, നിതീഷ് റെഡ്ഡി, ആർ അശ്വിൻ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്ട്രേലിയ : ഉസ്മാൻ ഖവാജ, നതാൻ മക്സ്വീനി, മാർനസ് ലബുഷയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് കാരി, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.

Related Articles

Back to top button