സജി ചെറിയാൻ രാജി വെക്കേണ്ടതില്ലെന്ന് സിപിഎം; അപ്പീൽ നൽകാനുള്ള ശ്രമം ആരംഭിച്ചു
ഭരണഘടനാവിരുദ്ധ പ്രസംഗത്തിൽ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം. ഒരിക്കൽ രാജിവെച്ച സാഹചര്യത്തിൽ ഇനി രാജി വേണ്ടെന്ന നിലപാടിലാണ് സിപിഎം. ഭരണഘടനയെ വിമർശിച്ചുള്ള പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സജി ചെറിയാൻ നീക്കം ആരംഭിച്ചിട്ടുണ്ട്
തേർഡ് പാർട്ടി അപ്പീൽ നൽകാമെന്ന ഉപദേശമാണ് ലഭിച്ചത്. തന്റെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി വിധിയെന്നാണ് സജി ചെറിയാൻ പറയുന്നത്. അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. പത്തനംതിട്ട മല്ലപ്പള്ളിയിൽ വെച്ചാണ് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്
കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പോലീസ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പിന്നാലെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ കൊണ്ട് ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താനാണ് ഹൈക്കോടതി നിർദേശം.