Novel

വരും ജന്മം നിനക്കായ്: ഭാഗം 45

രചന: ശിവ എസ് നായർ

പെട്ടെന്നാണ് ഗായത്രിയുടെ കയ്യിലിരുന്ന മൊബൈൽ ബെല്ലടിച്ചത്. നോക്കിയപ്പോ അഖിലാണ് വിളിക്കുന്നത്. ശ്വാസമൊന്ന് ആഞ്ഞു വലിച്ചു കൊണ്ട് അവൾ ഫോൺ എടുത്ത് ചെവിയോട് ചേർത്തു.

“അഖിലേട്ടാ… ഇതെവിടെയാ. എപ്പഴാ വരുന്നത്?”

“ഗായു… ഞാൻ പുറത്തുണ്ട്. ലാപ്ടോപ് കൊണ്ട് വന്നിട്ടുണ്ട്.”

“ആണോ… ദാ വരുന്നു…”

അവൾ ധൃതിയിൽ ബാഗും എടുത്ത് സ്റ്റെപ്പിറങ്ങി.

അപ്പോഴുണ്ട് ഗായത്രിയുടെ ഫോണിലേക്ക് ശിവപ്രസാദ് വിളിക്കുന്നു. അതോടെ അവൾടെ സകല സമാധാനവും പോയി. കാൾ എടുക്കണോ വേണ്ടയോ എന്നാലോചിച്ച് അവൾ ഒരു നിമിഷം ശങ്കിച്ചു നിന്നു.

മുഴുവൻ റിങ്ങും തീർന്ന് കാൾ കട്ടായപ്പോൾ അവൾ വേഗം കാൾ ലിസ്റ്റ് എടുത്ത് അഖിലിനെ വിളിച്ച ഡീറ്റെയിൽസ് ഡിലീറ്റ് ചെയ്തു. അപ്പോഴാണ് ശിവപ്രസാദിന്റെ വാട്സാപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ ബാറിൽ അവൾ ശ്രദ്ധിച്ചത്. അര മണിക്കൂർ മുൻപ് അയച്ച മെസ്സേജാണ് അതെന്ന് ഗായത്രിക്ക് മനസ്സിലായി.

“ഗായൂ… എന്റെ ലാപ്ടോപ് എവിടെ? ഇവിടെ നോക്കിയിട്ട് കാണുന്നില്ല. നീയത് കൊണ്ട് പോയോ?” ആ മെസ്സേജ് വായിച്ചതോടെ ശിവപ്രസാദ് വീട്ടിൽ എത്തിയെന്ന് അവൾ തിരിച്ചറിഞ്ഞു. മെസ്സേജ് നോട്ടിഫിക്കേഷൻ swipe ചെയ്തിട്ട് അവൾ മൊബൈൽ സൈലന്റ് ആക്കി ബാഗിലേക്ക് ഇട്ടു.

ശേഷം ഗായത്രി വേഗം അഖിലിന്റെ അടുത്തേക്ക് നടന്നു.

“ശിവപ്രസാദ് വിളിക്കുന്നുണ്ട്… ഞാൻ ഫോൺ എടുത്തില്ല. അവൻ വീട്ടിലെത്തി ലാപ്ടോപ് കാണാതെ വിളിക്കുന്നതാ.” അവനെ കണ്ടതും ഗായത്രി ടെൻഷനോടെ പറഞ്ഞു.

“നീ ഇങ്ങനെ ടെൻഷനാവല്ലേ ഗായു. നീ എന്തായാലും വീടെത്തുന്നത് വരെ ഫോൺ എടുക്കണ്ട. അവൻ ചോദിച്ചാൽ മൊബൈൽ സൈലന്റ് ആയിരുന്നു എന്ന് പറ.”

“ഞാൻ ഇപ്പഴേ ഫോൺ സൈലന്റ് ആക്കി. കാൾ കാണുമ്പോ തന്നെ കൈയ്യും കാലും വിറയ്ക്കാ എനിക്ക്.”

“അതിന് ഇങ്ങനെ പേടിക്കുന്നത് എന്തിനാ?”

“ഇപ്പഴേ എനിക്കെല്ലാം മനസ്സിലായി എന്ന് അവനറിഞ്ഞാൽ അവനെതിരെ എനിക്ക് തെളിവുകൾ ഒന്നും ഉണ്ടാക്കാൻ പറ്റില്ലല്ലോ. ശിവപ്രസാദ് എനിക്ക് കുടിക്കാനുള്ള ചായയിൽ ഉറക്ക ഗുളിക കലർത്തുന്നത് എനിക്ക് വീഡിയോ എടുക്കണം. ഞാൻ അവന്റെ കള്ളത്തരം കണ്ട് പിടിച്ചു എന്നറിഞ്ഞാൽ എനിക്കെതിരെ എന്ത് വൃത്തികെട്ട കളി കളിക്കാനും അവൻ തയ്യാറാവും. സ്വന്തം മുഖം രക്ഷിക്കാൻ എന്നെ എല്ലാരേം മുൻപിൽ ശിവപ്രസാദ് മോശക്കാരി ആക്കും.”

“അങ്ങനെ ഒന്നും ഉണ്ടാവില്ല ഗായു.. നീ എല്ലാം അറിഞ്ഞിട്ടുണ്ടെന്ന് അവൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല.”

“വീട്ടിലെത്തുമ്പോ ലാപ്ടോപ് എന്നോട് ശിവപ്രസാദ് ചോദിക്കല്ലേ. അവന്റെ കണ്മുന്നിൽ വച്ച് എനിക്കത് ബാഗിൽ നിന്ന് പുറത്തെടുക്കാൻ പറ്റോ?”

“നീയത് അലമാരയിൽ വച്ചിരുന്ന് എന്ന് പറഞ്ഞ് അവനെ മുറിയിൽ നിന്ന് ഒഴിവാക്കിയിട്ട് ലാപ്ടോപ് എടുത്ത് കൊണ്ട് കൊടുക്ക്.” അഖിൽ അവളെ സമാധാനിപ്പിച്ചു.

“ഇങ്ങനെയൊക്കെ പറയാൻ എളുപ്പമാണ്. പക്ഷേ നടത്തി എടുക്കാനാ പാട്. എനിക്ക് തോന്നുന്നില്ല ഈ ഐഡിയ നടക്കുമെന്ന്.”

“ശിവപ്രസാദ് ഇപ്പോ വീട്ടിൽ ലാപ്ടോപും തിരഞ്ഞു നടക്കുകയാണെങ്കിൽ നീ വീട്ടിൽ ചെന്ന് കേറിയ ഉടനെ അവനത് ചോദിക്കും. നീയപ്പോ അത് അലമാരയിൽ എടുത്ത് വച്ചിട്ടുണ്ടായിരുന്നു എന്ന് പറഞ്ഞ് മുകളിലേക്ക് പോണം.”

“അങ്ങനെ പോകുമ്പോ അവനും കൂടെ കേറി വന്നാൽ എല്ലാം ചളമാകും. പിന്നെ ശിവപ്രസാദിനെ കുടുക്കാൻ എനിക്ക് പറ്റിയെന്നു വരില്ല. ചിന്തിക്കാൻ സമയം കിട്ടിയാൽ എന്തെങ്കിലും കുരുട്ട് ബുദ്ധി അവൻ ഒപ്പിക്കും. അവന്റെ ലാപ്പിൽ നിന്ന് ഞാൻ എല്ലാം കളഞ്ഞുവെന്ന് അറിഞ്ഞാൽ ശിവപ്രസാദ് ചിലപ്പോൾ എന്നെ ഉപദ്രവിക്കാനും സാധ്യതയുണ്ട്. അവന് അവന്റെ നിലനിൽപ്പ് നോക്കിയല്ലേ പറ്റു.”

“ദൈവം നമ്മുടെ കൂടെയാ… അതുകൊണ്ട് നീ വിചാരിച്ച പോലെ തന്നെ എല്ലാം നടക്കും. ഒന്നുല്ലേലും നിനക്കിന്ന് ഈ ലാപ്ടോപ് എടുക്കാൻ പറ്റിയില്ലേ.” അഖിൽ ബാഗിൽ നിന്ന് ലാപ്പ് എടുത്ത് അവൾക്ക് നേരെ നീട്ടി.

“ഇനിയിപ്പോ വരുന്നിടത്തു വച്ച് കാണാം. എന്തായാലും ഇതിലെ വീഡിയോ ഫുൾ കളഞ്ഞില്ലേ?” അഖിൽ നീട്ടിയ ലാപ്ടോപ് വാങ്ങുമ്പോ അവൾ ചോദിച്ചു.

“ഈ ലാപ്ടോപ് അവന്റെ അല്ല… നീയീ ലാപ്പ് എന്റെ കയ്യിൽ കൊണ്ട് തന്നപ്പോൾ തന്നെ ഞാൻ നോക്കിയത് ഇതിന്റെ മോഡലാ. എന്റെ പഴയ ലാപ്ടോപ് സെയിം മോഡലാണ്.

ഇത് കിട്ടിയ ഉടനെ ഞാൻ എന്റെ ലാപ്പിലുള്ള ഡാറ്റാസ് മുഴുവൻ കളഞ്ഞിട്ട് അവന്റെ ലാപ്ടോപിൽ നിന്ന് നീ പറഞ്ഞ വീഡിയോസ് ഡിലീറ്റ് ചെയ്തിട്ട് ബാക്കി എല്ലാം ഇതിലേക്ക് കോപ്പി ചെയ്തിട്ടുണ്ട്.” അഖിൽ പറഞ്ഞത് കേട്ട് ഗായത്രി ഞെട്ടിപ്പോയി.

“അയ്യോ അപ്പോൾ ശിവപ്രസാദ് ഇത് കണ്ട് പിടിക്കില്ലേ?”

“ഇല്ല… സെയിം മോഡൽ ആയതുകൊണ്ട് ലാപ്ടോപ് മാറിയത് അവന് മനസ്സിലാവില്ല. പിന്നെ ഇപ്പോ ഈ ലാപ്പിൽ അവൻ സേവ് ചെയ്തിരുന്ന വീഡിയോസ് ഒഴികെ ബാക്കി എല്ലാം ഉണ്ട്.

ലാപ്ടോപ് തന്നെ മാറ്റാൻ കാരണം നിന്റെ കാര്യത്തിൽ ഒരു റിസ്‌ക്കെടുക്കാൻ എനിക്ക് പറ്റില്ല ഗായു. കാരണം ശിവപ്രസാദിന് ഈ ഫീൽഡിൽ എന്നേക്കാൾ എക്സ്പീരിയൻസുണ്ട്. ഞാൻ ഡിലീറ്റ് ആക്കുന്ന വീഡിയോ ഏതെങ്കിലും രീതിയിൽ അവൻ തിരിച്ചെടുത്താൽ നമ്മുടെ പ്ലാൻ കുളമാകും.

പിന്നെ മൊത്തത്തിൽ ലാപ്ടോപോലെ ഡാറ്റാസ് കളഞ്ഞാൽ അവന്റെ വർക്ക്‌ റിലേറ്റ് ചെയ്തിട്ടുള്ള പ്രോഗ്രാസ് ഇതിൽ നിന്ന് പോകും. അത് അവന് നിന്നിൽ സംശയം ഉണ്ടാക്കിയേക്കാം. ഇതിപ്പോ അവൻ ലാപ്ടോപ് നോക്കുമ്പോ വീഡിയോസ് ഡിലീറ്റ് ആയി പോയതിന്റെ കാരണം എത്ര ചികഞ്ഞാലും കണ്ട് പിടിക്കാൻ കഴിയില്ല. അതുകൊണ്ട് ലാപ്പ് മാറ്റിയതോർത്ത് നീ ടെൻഷൻ ആവണ്ട.

പിന്നെ പ്രധാനമായും ഞാനിത് മാറ്റാൻ കാരണം ഇതിൽ കുറെയേറെ വീഡിയോസ് ഉണ്ടായിരുന്നു. നീ പറഞ്ഞതൊക്കെ ഏതാണെന്ന് നോക്കി കണ്ട് പിടിച്ചു ഡിലീറ്റ് ആക്കുന്നത് എന്നെകൊണ്ട് നടക്കുന്ന കാര്യമല്ല. അതൊക്കെ എടുത്ത് ഓപ്പണാക്കി നോക്കേണ്ടി വരും. അതുകൊണ്ട് അതിലുണ്ടായിരുന്ന ഫോട്ടോസും വീഡിയോസും എല്ലാം ഒരുമിച്ച് സെലക്ട്‌ ചെയ്ത് കളയുകയായിരുന്നു ഞാൻ. ഇനി ആ ലാപ്പ് ഒരിക്കലും അവനു കിട്ടില്ല.” അഖിൽ മുഖം കോപം കൊണ്ട് ചുവന്നു.

അവൻ പറഞ്ഞത് കേട്ട് ഗായുവിന്റെ ഹൃദയം കുളിർന്നു. തന്റെ സ്വകാര്യതയെ അവൻ മാനിക്കുന്നുണ്ടെന്നത് അവൾക്ക് അവനോടുള്ള ഇഷ്ടം കൂട്ടിയതേയുള്ളു. അഖിലിനോടുള്ള വിശ്വാസം കൊണ്ട് തന്നെയാണ് മുന്നും പിന്നും ആലോചിക്കാതെ ഗായത്രി ഈ ജോലി അവനെ വിശ്വസിച്ച് ഏൽപ്പിച്ചത്.

“ഗായുവിന്റെ കണ്ണെന്താ നിറഞ്ഞത്.” അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അഖിൽ ചോദിച്ചു.

“സന്തോഷം കൊണ്ടാ… എന്നെ ഇത്രയധികം സ്നേഹിക്കുന്ന ഒരാളെ എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നല്ലോ എന്നൊരു വേദനയുണ്ട്… സാരമില്ല… ഇങ്ങനെയൊക്കെ അനുഭവിക്കാനായിരിക്കും എന്റെ വിധി.” നിറഞ്ഞു തൂവിയ കണ്ണുകൾ അവൾ തൂവാല കൊണ്ടവൾ ഒപ്പി.

ഗായത്രിയുടെ സങ്കടം കണ്ടപ്പോൾ നീ സമ്മതിച്ചാൽ നമുക്ക് ഇനിയാണെങ്കിലും ഒരുമിച്ച് ജീവിക്കാമെന്ന് അഖിന് അവളോട് പറയണമെന്ന് തോന്നി. പിന്നെ എന്തോ അവൾക്കത് ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതി അവൻ ഒന്നും പറഞ്ഞില്ല.

“ഞാനെന്നാ പോട്ടെ… ഇനിയും നിന്നാൽ വൈകും.”

“പോയിട്ട് എല്ലാം സേഫ് ആണെങ്കിൽ ഒരു ടെക്സ്റ്റ്‌ മെസ്സേജ് അയക്കണം. അവനൊരു സൈക്കോ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ നിന്റെ കാര്യം ഓർത്ത് എനിക്ക് ടെൻഷനുണ്ട്.”

“ഞാൻ മെസ്സേജ് ഇടാം.”

“നിനക്ക് ഇത്ര റിസ്ക് എടുത്ത് അവിടെ നിൽക്കണോ? സ്വന്തം വീട്ടിൽ പൊയ്ക്കൂടേ.”

“ശിവപ്രസാദിന്റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോ അവന്റെ മുഖം മൂടി എല്ലാവർക്കും മുൻപിൽ വലിച്ചു കീറിയ ശേഷം ഈ താലി പൊട്ടിച്ച് അവന്റെ മുഖത്തേക്ക് എറിഞ്ഞിട്ട് എന്നന്നേക്കുമായി ആ വീടിന്റെ പടി ഇറങ്ങണമെന്നാണ്. ഇനിയൊരിക്കലും ഒരു കാര്യത്തിനും എനിക്കാ വീട്ടിലേക്ക് പോകേണ്ടി വരരുത് എന്നുണ്ട്.

കല്യാണ ശേഷം എന്റെ വീട്ടിൽ നിന്ന് ഞാൻ കൊണ്ട് പോയ സാധനങ്ങളൊക്കെ ബാഗിലാക്കി വച്ചിട്ടുണ്ട്. അവിടുന്ന് ഇറങ്ങുന്ന നിമിഷം അത് മാത്രം എടുത്ത് ഇറങ്ങണമെന്നാണ്.”

“സൂക്ഷിക്കണേ ഗായു… അത് മാത്രേ എനിക്ക് നിന്നോട് പറയാനുള്ളു.”

“ഞാൻ കരുതി ഇരുന്നോളാം അഖിലേട്ടാ.”

“എങ്കിൽ ശരി… നീ വേഗം പോകാൻ നോക്ക്. ബസ് നോക്കി നിന്ന് ലേറ്റ് ആവണ്ട ഓട്ടോ പിടിച്ചു പൊയ്ക്കോ.”

“ഞാനും അത് വിചാരിച്ചു… അപ്പോ പോയിട്ട് മെസ്സേജ് ഇടാം ഞാൻ.” അഖിലിനോട് യാത്ര പറഞ്ഞ് അവൾ ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു.

നിറകണ്ണുകളോടെ അവൾ പോകുന്നത് നോക്കി അഖിൽ ബൈക്കിൽ ചാരി നിന്നു.

ഓട്ടോയിൽ കയറി മൊബൈൽ എടുത്ത് നോക്കിയപ്പോൾ ശിവപ്രസാദിന്റെ ഇരുപത്തി അഞ്ചു മിസ്സ്‌ കാൾ കണ്ട് ഗായത്രിയുടെ നെഞ്ചിടിച്ചു. എല്ലാം കൈവിട്ടു പോയോ എന്നോർത്ത് അവൾക്കാകെ പരിഭ്രമമായി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button