ആത്മകഥ വിവാദം: ഇ പിയുമായി കരാറില്ലെന്ന് രവി ഡിസി, മൊഴി രേഖപ്പെടുത്തി
ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജന്റെ പരാതിയിൽ ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴിയെടുത്തു. ഇ പി ജയരാജനുമായി കരാറില്ലെന്ന് രവി ഡി സി മൊഴി നൽകി. കോട്ടയം ഡിവൈഎസ്പി കെജി അനീഷാണ് മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് ഉടൻ കൈമാറും.
ആത്മകഥ വിവാദത്തിൽ പൊലീസ് ഇ പി ജയരാജന്റെ മൊഴി നേരത്തെ എടുത്തിരുന്നു. ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ ഇ.പി ജയരാജന്റെ ആത്മകഥ എന്ന പേരിൽ പുറത്തു വന്ന പുസ്തകത്തിന്റെ ഭാഗങ്ങളാണ് വിവാദമായത്. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു നീക്കം നടത്തിയത് ആസൂത്രിതമാണെന്നാണ് ഇ പി പറഞ്ഞത്.
ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇപി പറഞ്ഞിരുന്നു. ഡി സി ബുക്സും, മാതൃഭൂമി ബുക്സും പ്രസിദ്ധീകരിക്കാൻ താത്പര്യമറിയിച്ചു. മാതൃഭൂമിയുടെ ശശിയും ഞാനുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. അങ്ങനെ നിൽക്കുകയാണ് പ്രസിദ്ധീകരണത്തിന് വേണ്ടിയുള്ള നടപടി ക്രമമെന്നാണ് ഇപി പറഞ്ഞിരുന്നത്.