സിങ്കപ്പുര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം 18കാരനായ ഡി. ഗുകേഷിന് തോല്‍വി. നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ 32കാരന് ഡിങ് ലിറനോടാണ് ഗുകേഷ് പരാജയപ്പെട്ടത്. ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന് ആനന്ദ് തന്റെ ആദ്യ ലോക ചെസ് കിരീടം ലഭിച്ച മത്സരത്തില്‍ സ്വീകരിച്ച നീക്കമായിരുന്നു ഗുകേഷ് നടത്തിയത്. എങ്കിലും 42 നീക്കങ്ങള്‍ക്കൊടുവില്‍ ഗുകേഷ് ഡിങ്് ലിറനോട് പരാജയപ്പെട്ടു. വെള്ളക്കരുക്കളുമായാണ് ഇന്ത്യന്‍താരം പോരാട്ടത്തിനിറങ്ങിയത്. ലോകചാമ്പ്യന്‍ഷിപ്പ് കിരീടത്തിന് മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഗുകേഷ്.
പതിന്നാലു മത്സരങ്ങള്‍ നീളുന്ന പോരാട്ടത്തിലെ ആദ്യഗെയിം സിങ്കപ്പുരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയിലാണ് നടന്നത്.
കിങ് പോണ് ഫോര്‍വേഡ് ഗെയിമിലൂടെയാണ് ഗുകേഷ് കരുനീക്കം ആരംഭിച്ചത്. ഇതിന് ഫ്രഞ്ച് ഡിഫന്‍സിലൂടെയായിരുന്നു ലിറന്റെ മറുപടി. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ കറുത്ത കരുക്കളുമായാണ് ഗുകേഷ് മത്സരിക്കുക.