Gulf

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടവും ദുബൈയില്‍; ഹോട്ടല്‍ ബുര്‍ജ് അസീസിയുടെ ഉയരം 725 മീറ്റര്‍, 2028ല്‍ നിര്‍മാണം പൂര്‍ത്തിയാവും

ദുബൈ: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും ദുബൈയില്‍ ഉയരും. 725 മീറ്റര്‍ ഉയരവും 132 നിലകളുമുള്ള കെട്ടിടത്തിന് 600 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് അസീസിയെന്ന സപ്ത നക്ഷത്ര ഹോട്ടലാണ് അംബരചുംഭികള്‍ക്ക് സുപ്രസിദ്ധമായ ശൈഖ് സായിദ് റോഡില്‍ അതിവേഗം നിര്‍മാണം പുരോഗമിക്കുന്നത്. 2028 ഓടെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. ബുര്‍ജ് അസീസി ഒരു വെര്‍ട്ടിക്കല്‍ ഷോപ്പിംഗ് മാളും സ്ഥാപിക്കും.

നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ക്വാലാലംപൂരിലെ 679 മീറ്റര്‍ ഉയരമുള്ള മെര്‍ദേക്ക 118നെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായി ഇത് മാറും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ദുബൈയിലാണ് സ്ഥിതിചെയ്യുന്നത്.

ഏഴ് സാംസ്‌കാരിക തീമുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടല്‍, പെന്റ്ഹൗസുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, അവധിക്കാല വസതികള്‍, വെല്‍നസ് സെന്ററുകള്‍, നീന്തല്‍ക്കുളങ്ങള്‍, നീരാവിക്കുളങ്ങള്‍, റസിഡന്റ് ലോഞ്ചുകള്‍, കുട്ടികളുടെ കളിസ്ഥലം, സിനിമാശാലകള്‍, ജിമ്മുകള്‍, മിനി മാര്‍ക്കറ്റുകള്‍ തുടങ്ങിയവ ടവറില്‍ സജ്ജമാക്കുമെന്നും ബുര്‍ജ് അസീസി ഒരു വാസ്തുവിദ്യാ വിസ്മയമായിരിക്കുമെന്നും ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ എഇ-7 വ്യക്തമാക്കി. പ്രധാന ആര്‍ക്കിടെക്റ്റുകള്‍ പറഞ്ഞു.

Related Articles

Back to top button