Kerala

500 രൂപക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളെ ടൂറിന് കൊണ്ടുപോകാന്‍ കെ എസ് ആര്‍ ടി സി

ഇന്റസ്ട്രിയല്‍ വിസിറ്റ് പ്രോഗ്രാമിന് തുടക്കം കുറിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: 500 രൂപക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളെ ടൂറിന് കൊണ്ടുപോകാനുള്ള പുതിയ പദ്ധതിയുമായി കെ എസ് ആര്‍ ടി സി. കടത്തില്‍ മുങ്ങിയ കെ എസ് ആര്‍ ടി സിയെ രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതിയുമായി കെ എസ് ആര്‍ ടി സി രംഗത്തെത്തിയത്.

സ്‌കൂളിന് സമീപത്തെ വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് പ്രോഗ്രാമിനാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പദ്ധതിയിടുന്നത്.

ഉച്ചഭക്ഷണമടക്കം 500 രൂപയെന്ന മികച്ച പാക്കേജാണ് മന്ത്രി പ്രഖ്യാപിച്ചത്. രാവിലെ പുറപ്പെട്ട് വൈകിട്ട് തിരികെ എത്തുന്ന രീതിയിലാണ് ടൂര്‍ ക്രമീകരിക്കുക. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും. അടുത്തഘട്ടത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ഈ സേവനം ലഭ്യമാക്കും.112 കേന്ദ്രങ്ങളില്‍ നിന്ന് ശബരിമല ബജറ്റ് ടൂറിസം പദ്ധതിക്ക് കെഎസ്ആര്‍ടിസിയില്‍ തുടക്കം കുറിച്ചെന്നും മന്ത്രി അറിയിച്ചു.

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിക്കുന്ന രീതിയില്‍ ക്ഷേത്രങ്ങള്‍ ക്രേന്ദ്രീകരിച്ചാണ് സര്‍വീസുകള്‍ നടത്തുക. ബുക്കിംഗിനനുസരിച്ച് കൂടുതല്‍ ബസുകള്‍ ക്രമീകരിക്കാനും കഴിയും. നിലവില്‍ പമ്പയില്‍ നിന്ന് കെ എസ് ആര്‍ടി സി സര്‍വീസുകള്‍ ക്രമീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button