എക്‌സ്പാറ്റ് എസെന്‍ഷ്യല്‍ ഇന്റക്‌സ്: റാസല്‍ഖൈമക്ക് ഒന്നാം സ്ഥാനം
റാസല്‍ഖൈമ: 53 ലോക നഗരങ്ങളെ ഉള്‍പ്പെടുത്തിയുള്ള എക്‌സ്പാറ്റ് എസെന്‍ഷ്യല്‍ ഇന്റെക്‌സ് 2024ല്‍ റാസല്‍ഖൈമക്ക് ഒന്നാംസ്ഥാനം. ഏറ്റവും വലിയ രാജ്യാന്തര പ്രവാസി ശൃംഖലയായ ഇന്റെര്‍നാഷ്യന്‍സ് ആണ് തങ്ങളുടെ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി സര്‍വേ നടത്തിയത്. വിസ കിട്ടാനുള്ള എളുപ്പം, ചെലവുകുറഞ്ഞ താമസ സൗകര്യം, സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി അതിവേഗം കിട്ടാനുള്ള സാധ്യത, ഹൈസ്പീഡ് ഇന്റെര്‍നെറ്റ് സംവിധാനം, പ്രാദേശിക ഭാഷയുടെ സഹായമില്ലാതെതന്നെ ആളുകള്‍ക്ക് ഇടപഴകാനുള്ള സൗകര്യം തുടങ്ങിയ സൂചികകളാണ് തെരഞ്ഞെടുപ്പിനായി ഉപയോഗപ്പെടുത്തിയത്.
സുപ്രിംകൗസില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ മഹത്തായ വീക്ഷണവും റാസല്‍ഖൈമയുടെ മികച്ച താമസ അന്തരീക്ഷവും കറയറ്റ തൊഴില്‍ പരിസ്ഥിതിയുമാണ് വിവിധ ദേശക്കാരായ പ്രവാസികള്‍ക്ക് എമിറേറ്റില്‍ സന്തോഷത്തോടെ ജീവിക്കാന്‍ അവസരം ഒരുക്കുന്നത്. റാസല്‍ഖൈമ സര്‍ക്കാരിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഏവരേയും സ്വാഗതം ചെയ്യുന്നതിനുമുള്ള പ്രതിബദ്ധതയാണ് എക്‌സ്പാറ്റ് എസെന്‍ഷ്യല്‍ ഇന്റെക്‌സ് 2024ല്‍ ഒന്നാം സ്ഥാനത്തേക്ക എത്താന്‍ എമിറേറ്റിന് സഹായകമായതെന്ന് റാസല്‍ഖൈമ ഗവ. മീഡിയ ഓഫിസ് ഡയരക്ടര്‍ ജനറല്‍ ഹിബ ഫതാനി അഭിപ്രായപ്പെട്ടു.