ശിശിരം: ഭാഗം 102
രചന: മിത്ര വിന്ദ
അല്ലെങ്കിലും ചില ദിവസങ്ങളിൽ അമ്മു അങ്ങനെയാണ്, അവൾക്ക് അവളുടെ ഉള്ളിലെ സങ്കടങ്ങൾപിടിച്ചു വെക്കാൻ പറ്റാത്ത പോലെയാവും, കുറെയേറെ നേരം നെഞ്ചിൽ കിടന്നു, പൊട്ടിക്കരയുമ്പോൾ അവൾക്കൊരു അല്പം ആശ്വാസമാകും.
അപ്പോഴൊക്കെ നകുലൻ എത്രകണ്ട് സമാധാനിപ്പിക്കാൻ ശ്രമിച്ചാലും, അമ്മുവിന്റെ കാതുകളിൽ അവയൊന്നും കേറില്ല.
പലപ്പോഴും ഞാൻ ഓർത്തിട്ടുണ്ട്, അമ്മയെന്നുള്ള വികാരം, അതൊരിക്കലും വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ പ്രതിഫലിപ്പിക്കാൻ പറ്റുന്ന ഒന്നല്ല എന്നുള്ളത്.
പണ്ട് ആരോ പറഞ്ഞതുപോലെ, കൂടെയുള്ളപ്പോൾ നമ്മൾ ആരും, ഒരാളുടെ വില മനസ്സിലാക്കില്ല, പക്ഷേ അവര് നമ്മെ വിട്ടു ഈ ലോകത്ത് നിന്നും പോകുമ്പോഴാണ്, ശരിക്കും അവരെ മിസ്സ് ചെയ്യുന്നത്.
നമ്മുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും,പ്രശ്നങ്ങളും ദുഃഖങ്ങളും, പരിഭവങ്ങളും പരാതികളും ഇണക്കവും പിണക്കവും ഒക്കെ പങ്കുവയ്ക്കുവാൻ അമ്മയോളം വലുതായി മറ്റൊന്നും ഈ ഭൂമിയിൽ ഉടലെടുത്തിട്ടില്ല…
നടുക്കടലിൽ മുങ്ങിത്താഴുന്ന വിധം പ്രശ്നങ്ങൾ ആവും ചുറ്റിനും.
എന്താണോരു പോംവഴിയെന്ന് ഓർത്തു വിഷമിച്ചിരിക്കുമ്പോൾ നമ്മുടെ മുഖത്തെ ഓരോ ഭാവവും മനസിലാക്കി ക്കൊണ്ട്
കൂടെ നിൽക്കുന്ന ഒരേ ഒരാൾ കാണും…
നമ്മുടെ അമ്മ….
പോട്ടെ സാരമില്ലന്നെ… എന്തേലും ഒരു വഴി തെളിയും.. നീയിങ്ങനെ സങ്കടപ്പെടാതെ.
നമ്മെ
ചേർത്തു നിറുത്തി പറയുമ്പോൾ കിട്ടുന്ന സമാധാനം….
അതീ ലോകത്തു മറ്റൊരിടത്തുംനിന്നും കിട്ടില്ല..
അമ്മയ്ക്ക് പകരമാവാൻ മറ്റൊരു ശക്തിയും ഇന്നോളം ഈ ഭൂമിയിൽ ഉടലെടുത്തിട്ടില്ല.
ഓരോ തവണയും പരീക്ഷ എഴുതി കഴിഞ്ഞു വരുമ്പോൾ അമ്മ ആ ഉമ്മറത്ത് കാത്തു നിൽക്കും.
നല്ല എളുപ്പമുള്ള പരീക്ഷ, ഇക്കുറി ജോലി ഉറപ്പെന്നു കരുതി ഞാൻ അങ്ങനെ ആത്മ വിശ്വാസത്തോടെ ഇരിക്കും.
അവസാനം റിസൾട്ട് വരുമ്പോൾ രണ്ടോ മൂന്നോ മാർക്കിന് ലിസ്റ്റിൽ ഇടം നേടാതെ പോകും..
ആ ഒരു സമയത്തൊക്കെ അനുഭവിച്ച വേദന…
മറ്റർക്കും മനസ്സിലായില്ലെങ്കിൽ പോലും എന്റെ അമ്മയ്ക്ക് ഈ മുഖം വാടിയാൽ അറിയാം,
എല്ലാം ഉള്ളിലൊതുക്കി ഞാൻ കേറി വരുമ്പോൾ ഒരു മന്ദഹാസത്തോടെ എന്റെ അമ്മ എന്നേ കെട്ടിപിടിച്ചു നെറുകയിൽ ഉമ്മ തരും.
ജോലിയൊക്കെ കിട്ടുമ്പോൾ കിട്ടട്ടെ മോളെ.. പോകാൻ പറ, അല്ല പിന്നെ….
വളരെ കൂൾ ആയിട്ട് പറഞ്ഞുകൊണ്ട് എന്റെ കൂടെ അങ്ങനെ നിൽക്കും.
പാവത്തിന് ഒരേയൊരു ആഗ്രഹം മാത്രം ഉണ്ടായിരുന്നുള്ളു.
അമ്മുട്ടിയുടെ കല്യാണം…
ഊണിലും ഉറക്കത്തിലും എല്ലാം എന്റ് കല്യാണത്തേ കുറിച്ച് ആയിരുന്നു സ്വപ്നം കണ്ടു നടന്നത്..
ആരുടെയെങ്കിലും വിവാഹം കൂടിയിട്ട് വന്നാൽ പിന്നെ അന്നും മുഴുവൻ അമ്മയുടെ ചർച്ച എന്നെ ചുറ്റിപ്പറ്റി ആവും.
കല്യാണ സാരി എടുക്കുന്നതും, സ്വർണ്ണം മേടിക്കാൻ പോകുന്നതും, സദ്യ ആർക്ക് കൊടുക്കണം എന്ന് പറയുന്നതും, ആരെയൊക്കെ വിളിക്കണം വിളിക്കേണ്ട… അങ്ങനെ അങ്ങനെ നീണ്ടുപോകും അമ്മയുടെ സംസാരം.
പാവം എന്റെ അമ്മ,ഒരുപാട് ആഗ്രഹിച്ചിരുന്നു,,,, പക്ഷേ ജീവിതത്തിലെ ഒരു സന്തോഷവും അനുഭവിക്കാൻ യോഗമില്ലാതെ ആ ജന്മം കടന്നുപോയില്ലോ നകുലേട്ടാ.
വിതുമ്പിക്കൊണ്ട് പറയുകയാണ് അമ്മു.
മറുത്തൊരക്ഷരം പോലും പറയാതെ അവൻ അവളുടെ ചുമലിൽ മെല്ലെ താളമടിച്ചു..
എന്നോടും എന്റെ അമ്മയോടും മാത്രം ഈശ്വരൻ എന്താ ഇങ്ങനെയൊക്കെ കാണിച്ചത്. അച്ഛൻ ഒരു പാവമായിരുന്നു എന്ന് അമ്മ ഇടയ്ക്കൊക്കെ പറയുമായിരുന്നു, എന്റെ അമ്മയെപ്പോലെ തന്നെ ഒരുപാട് സ്വപ്നങ്ങൾ കണ്ട് ഒരു വ്യക്തിയായിരുന്നു അച്ഛനും. പക്ഷെ
അച്ഛനെ ആദ്യം വിളിച്ചുകൊണ്ടുപോയി,, പിന്നീട് എന്റെ അമ്മ അനുഭവിച്ച ദുഃഖങ്ങളും ദുരിതങ്ങളും ഒക്കെ ഏട്ടനും അറിയാല്ലോ. എത്രമാത്രം പൊരുതിയാണ് അമ്മ ജീവിച്ചത്.
ശരിക്കും കഷ്ടപ്പെട്ട് തന്നെയാണ് എന്നെ വളർത്തി വലുതാക്കിയത്,.. ആഹ് അവസാനം കണ്ടില്ലേ എല്ലാം തകർന്നു പോയ്.
മേടയിൽ തറവാട്ടിൽ ഒരുത്തരോടും, എനിക്കെന്റെ ജീവിതത്തിൽ ക്ഷമിക്കാൻ ആവില്ല നകുലേട്ടാ…
എന്റെ അമ്മയുടെ ജീവൻ എടുത്തവരാണ് അവരെല്ലാവരും ച്ചേർന്നു.
ഗിരിജയമ്മായി ഇന്ന് അനുഭവിച്ചു കൂട്ടുന്ന ദുഃഖം മുഴുവനും എന്നോടും എന്റെ അമ്മയോടും ചെയ്ത ക്രൂരതയുടെ ഫലമാണ്. ഇപ്പോൾ അവരൊക്കെ വീണ്ടും ലോഹ്യമായെന്നാണ് ബിന്ദുവുമ്മായി പറഞ്ഞത്, പക്ഷേ നകുലേട്ടാ, എന്റെ അമ്മയുടെ കണ്ണുനീരിന് അവരൊക്കെ ഇന്നല്ലെങ്കിൽ നാളെ മറുപടി പറഞ്ഞിരിക്കും. ഉറപ്പാണ്..
പോട്ടെ… സാരമില്ല, ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന് മുകളിലുള്ളവന്റെ തീരുമാനമായിരുന്നിരിയ്ക്കാം…. നീ ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാൽ അപ്പച്ചിയുടെ ആത്മാവിന് വിഷമമാവില്ലേയമ്മു..വന്നെ.. വന്ന് കിടക്കാൻ നോക്ക്.. നാളെ നമുക്ക് രണ്ടാൾക്കും കൂടി അവിടെ ഒന്നൂടെ പോകാം.. വീട്ടിൽ ചെന്ന് കുറച്ചു സമയം ഇരുന്നു കഴിയുമ്പോൾ നിനക്ക് ഇത്തിരി ആശ്വാസം ഒക്കെ ലഭിക്കും..
ഒരു നെടുവീർപ്പോടുകൂടി അവൾ അവന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി.
നകുലേട്ടന് വയ്യാണ്ടിരിയ്ക്കുന്ന കാര്യം ഞാൻ പെട്ടെന്ന് മറന്നു പോയി…സോറി ട്ടൊ..
അവൾ ബെഡ്ഷീറ്റ് ഒക്കെ നേരേ ആക്കിയിട്ടു കൊണ്ട് പറഞ്ഞു.
അതൊന്നും സാരമില്ല… എനിക്ക് ക്ഷീണം കുറവുണ്ട് പെണ്ണേ, ആന്റി ബയോട്ടിക്ക് എടുക്കുന്നതുകൊണ്ട് പെട്ടെന്ന് കുറഞ്ഞോളും..
അവൻ കിടക്കയിലേക്ക് കിടന്നു.
അമ്മുനെ ചേർത്തു പിടിച്ചു കൊണ്ട് കിടന്നപ്പോൾ അവൾ അവനെ ചുറ്റിപ്പിടിച്ചു.
അതേയ്… എന്റെ അമ്മുട്ടൻ ഇങ്ങനെ കരയുന്നത് കാണുമ്പോൾ നകുലേട്ടന് ശരിക്കും സങ്കടമാവുന്നുണ്ട് കേട്ടോ….ഇനി ഇതൊക്കെ മാറണമെങ്കിൽ ഇവിടെ ഒരു ആളനക്കമൊക്കെ തുടങ്ങണം..
അവളുടെ വയറിൻമേൽ മെല്ലെഒന്ന് തൊണ്ടിക്കൊണ്ട് അവൻ പറഞ്ഞതും ആ കൈത്തണ്ടയിൽ അമ്മു അമർത്തിയൊന്ന് പിച്ചി.
ആഹ്,, എടി, മേടിക്കും നീയ്.
നകുലൻ ഉറക്കെ പറഞ്ഞു.
വഷളത്തരം മാത്രം നാവിൽ നിന്ന് വീഴുവൊള്ളൂല്ലേ.
ആരാടി പറഞ്ഞത് ഇതു വഷളത്തരമാണെന്ന്,, ഞാനേ ഉള്ള കാര്യമല്ലേ പറഞ്ഞത്. ഇതൊന്നും ഒരുപാട് വൈകി കൂടാ, നേരത്തും കാലത്തും നോക്കി കഴിഞ്ഞാലേ, നല്ല പ്രായത്തിൽ പിള്ളേരെയും കെട്ടിച്ചുവിട്ട് സ്വസ്ഥമായിട്ട് കഴിയാം..
ഹ്മ്മ്….മതി മതി നിർത്തിയേക്ക് എന്നിട്ട് കിടന്നുറങ്ങാൻ നോക്ക്.
അമ്മു ചുവരിലേയ്ക്ക് ചേർന്ന് തിരിഞ്ഞു കിടന്നു
അവളെ പിന്നിൽ നിന്നും ആഴത്തിൽ പുൽകിക്കൊണ്ട് അവനും.
***
വെളുപ്പാൻ കാലമായപ്പോൾ കുട്ടികൾ എല്ലാവരും ചേർന്ന് വിഷുക്കണിയുമായി വന്നു.
അമ്മു നല്ല ഉറക്കത്തിൽ ആയിരുന്നു.
നകുലൻ ആയിരുന്നു അവളെ വിളിച്ചു ഉണർത്തിയത്.
രണ്ടാളും ചേർന്ന് താഴേയ്ക്ക് ചെന്നപ്പോൾ ബിന്ദുവും വാതിൽ തുറന്നു ഇറങ്ങി വരുന്നുണ്ട്.
അങ്ങനെ മേടം മാസം ഒന്നാതീയതി, മഞ്ഞിൽകുളിച്ചു ചെറിയ കുളിരും തണുപ്പുമൊക്കെ ചേർന്ന ആ പുലർകാലത്തു കണ്ണനെ കണിയക്കെ കണ്ടുകൊണ്ട് അവർ മൂവരും ഉമ്മറത്ത് നിന്നു……തുടരും………