രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃഖലയാകാന്‍ ആസ്റ്റര്‍; ബ്ലാക്സ്റ്റോണിന്റെ ക്വാളിറ്റി കെയറുമായി ലയിക്കുന്നു
നാലു ബ്രാന്‍ഡുകള്‍ ഒരു കമ്പനിക്ക് കീഴിൽ
ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രിശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡും തമ്മില്‍ ലയിക്കുന്നു. മുന്‍നിര നിക്ഷേപക സ്ഥാപനങ്ങളായ ബ്ലാക്സ്റ്റോണ്‍, ടിപിജി എന്നിവയുടെ ഉടസ്ഥതയിലുള്ളസ്ഥാപനമാണ് ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡ്.
കഴിഞ്ഞ ദിവസം ഇരുകമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ലയനത്തിന് അനുമതി നല്‍കി. അടുത്ത സാമ്പത്തിക വര്‍ഷം (2025-26) മൂന്നാം പാദത്തോടെ ലയനം പൂര്‍ത്തിയാകും. കൊച്ചിയും ബെംഗളൂരുവും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് 15 നഗരങ്ങളിലായി 19 ആശുപത്രികളും 13 ക്ലിനിക്കുകളും 212 ഫാര്‍മസികളും 232 ലാബുകളുമാണ് ഉള്ളത്.
ലയിച്ചൊന്നാകുന്ന കമ്പനി ആസ്റ്റര്‍ ഡി.എം. ക്വാളിറ്റി കെയര്‍ ലിമിറ്റഡ് എന്ന പേരിലാണ് ഇനി അറിയപ്പെടുക. ആസ്റ്ററിന്റെ ഓഹരിയുടമകള്‍ക്ക് എല്ലാം കൂടി കമ്പനിയില്‍ 57.3 ശതമാനവും ക്വാളിറ്റി കെയറിന്റെ ഓഹരിയുടമകള്‍ക്ക് 42.7 ശതമാനവും ഓഹരിയാകും ഉണ്ടാകുക. ആസ്റ്ററിന്റെ പ്രമോട്ടര്‍മാരായ ഡോ. ആസാദ് മൂപ്പനും സംഘത്തിനും 24 ശതമാനം ഓഹരിയുണ്ടാകും. ബ്ലാക്സ്റ്റോണിന് 30.7 ശതമാനവും.
ഡോ. ആസാദ് മൂപ്പന്‍ എക്സിക്യുട്ടീവ് ചെയര്‍മാനായി തുടരും. ക്വാളിറ്റി കെയറിന്റെ ഗ്രൂപ്പ് എം.ഡി. വരുണ്‍ ഖന്നയായിരിക്കും എംഡിയും ഗ്രൂപ്പ് സിഇഒയും. ഗ്രൂപ്പിന് കീഴിലുള്ള കിംസ്ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളിലെ നിലവിലുള്ള നേതൃനിര തുടരും. ആസ്റ്റര്‍, കെയര്‍ ഹോസ്പിറ്റല്‍സ്, കിംസ്‌ഹെല്‍ത്ത്, എവര്‍ കെയര്‍ എന്നീ നാലു ബ്രാന്‍ഡുകളായിരിക്കും കമ്പനിക്ക് കീഴിലുണ്ടാകുക.
അതേസമയം, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ വരുമാനം സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാംപാദത്തില്‍ 16 ശതമാനം വര്‍ധിച്ച് 1086 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 934 കോടി രൂപയായിരുന്നു വരുമാനം. അര്‍ധവാര്‍ഷിക വരുമാനം 18 ശതമാനം വര്‍ധിച്ച് 2088 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ അര്‍ധ വാര്‍ഷികവരുമാനം 1772 കോടി രൂപയായിരുന്നു.
2024 സാമ്പത്തികവര്‍ഷത്തില്‍ 16.1 ശതമാനമുണ്ടായിരുന്നപ്രവര്‍ത്തന മാര്‍ജിന്‍ ഈ സാമ്ബത്തികവര്‍ഷം 19.6 ശതമാനമാണ്. നികുതി, പലിശ തുടങ്ങി ബാധ്യതകള്‍ക്കു മുമ്പുള്ള ലാഭം 48 ശതമാനം വര്‍ധിച്ച് 233 കോടി രൂപയായി.2027 സാമ്പത്തികവര്‍ഷത്തോടെ രാജ്യത്തു 6800 കിടക്കകള്‍ എന്നത് മറികടക്കാനാകുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ 5 സംസ്ഥാനങ്ങളിലെ 15 നഗരങ്ങളിലായി 19 ആശുപത്രികളാണ് ആസ്റ്ററിനുള്ളത്. മൊത്തം കിടക്കകള്‍ 4,994. കേരളത്തില്‍ 6 ആശുപത്രികളിലായി 2,501 കിടക്കകളുണ്ട്. ആന്ധ്രാപ്രദേശില്‍ 6 ആശുപത്രികളും 889 കിടക്കകളും. കര്‍ണാടകയില്‍ 4 ആശുപത്രികളിലായി 1,192 കിടക്കകളും തെലങ്കാനയില്‍ ഒരു ആശുപത്രിയിലായി 158 കിടക്കകളുമുണ്ട്.
മഹാരാഷ്ട്രയിലുള്ളതും ഒരു ആശുപത്രിയും കിടക്കകള്‍ 254 എണ്ണവുമാണ്.
2026-27ഓടെ 1,800ഓളം കിടക്കകള്‍ അധികമായി ചേര്‍ത്ത് മൊത്തം 6,796ലേക്ക് ഉയര്‍ത്താനുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ആസ്റ്റര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ 200ലേറെ ഫാര്‍മസികളും 10ലേറെ ക്ലിനിക്കുകളും ആസ്റ്ററിനുണ്ട്. 43,000 രൂപയാണ് നിലവില്‍ ഓരോ ബെഡ്ഡില്‍ നിന്നും ആസ്റ്ററിന് ലഭിക്കുന്ന ശരാശരി വരുമാനം . കഴിഞ്ഞവര്‍ഷത്തെ സമാനപാദത്തില്‍ ഇത് 38,700 രൂപയായിരുന്നു.