Kerala

കനത്ത മഴ; മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം

അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കലക്ടർ വി. വിഗ്‌നേശ്വരി ഉത്തരവിട്ടു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം. തുടർ നടപടി സ്വീകരിക്കാൻ പൊലീസിനും വനം വകുപ്പിനും നിർദ്ദേശം നൽകി.

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത്അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി,കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് അവധി .

കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Related Articles

Back to top button
error: Content is protected !!