Novel

വരും ജന്മം നിനക്കായ്: ഭാഗം 53

രചന: ശിവ എസ് നായർ

നടന്നത് എന്താണെന്ന് വ്യക്തമല്ല. പക്ഷേ തന്റെ മകൻ എന്തോ തെറ്റ് ചെയ്‌തെന്ന് മാത്രം ഊർമിളയ്ക്ക് മനസ്സിലായി. അവർ തളർച്ചയോടെ പൂമുഖ പടിയിലിരുന്നു.

“എന്താ ഊർമിളെ പ്രശ്നം? നിന്റെ മോനെ എന്തിനാ പോലിസ് പിടിച്ചു കൊണ്ട് പോയത്. ഗായത്രിയെ കുറച്ചു മുൻപ് ആംബുലൻസിൽ കൊണ്ട് പോകുന്നത് കണ്ടല്ലോ.” അയല്പക്കത്തെ വിജി അവരോട് ചോദിച്ചു കൊണ്ട് അങ്ങോട്ട്‌ വന്നു.

മറ്റ് രണ്ട് മൂന്നുപേർ കൂടി വിജിക്കൊപ്പം അവിടേക്ക് വന്നു.

“എനിക്കൊന്നും അറിയാൻ പാടില്ല വിജി.”

“ശിവപ്രസാദ് എന്തോ വേണ്ടാതീനം കാണിച്ചിട്ടുണ്ട്. അതുകൊണ്ടല്ലേ അവനെ പോലിസ് പിടിച്ചു കൊണ്ട് പോയത്.” സരിതയാണ് അത് പറഞ്ഞത്.

“നിങ്ങളൊക്കെയല്ലേ എല്ലാം കണ്ടത്. ഞാൻ ഇപ്പോ ഇങ്ങോട്ട് വന്ന് കേറിയതല്ലേയുള്ളൂ. ഞാൻ ഇവിടുന്ന് പോകുന്നത് വരെ ഈ വീട്ടിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു.” സാരിതുമ്പ് കൊണ്ട് മുഖം അമർത്തി ഊർമിള കരഞ്ഞു.

“നീയിവിടെ കരഞ്ഞിരുന്നിട്ട് എന്താ പ്രയോജനം. സ്റ്റേഷനിലേക്ക് ചെന്ന് എന്താ കാര്യമെന്ന് ഒന്ന് അന്വേഷിക്ക്. ഞാനും വരാം കൂടെ.” അവരുടെ സങ്കടം കണ്ട് വിജി സഹതാപത്തോടെ പറഞ്ഞു.

“വേണ്ട വേണ്ട… ഞാൻ സുധേട്ടനെ ഒന്ന് വിളിക്കട്ടെ. നമ്മള് പെണ്ണുങ്ങൾ മാത്രം പോയത് കൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. പോലീസുകാരോട് സംസാരിക്കാൻ അറിയാവുന്ന ആരെങ്കിലും വേണം.” തങ്ങളുടെ കുടുംബ കാര്യത്തിൽ അയൽക്കാരെ ഇടപ്പെടുത്താൻ ഊർമിള ആഗ്രഹിച്ചില്ല.

“നിനക്ക് താല്പര്യമില്ലെങ്കിൽ വേണ്ട. നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്.” വിജി മുഖം കറുപ്പിച്ചു.

“എന്തെങ്കിലും സഹായം വേണ്ടി വന്നാൽ ഞാൻ നിന്നെ വിളിച്ചോളാം വിജി. ഇപ്പോ ഞാനൊന്ന് സുധേട്ടനെ വിളിക്കട്ടെ.” അനുനയത്തിൽ പറഞ്ഞു കൊണ്ട് ഊർമിള സുധാകരനെ ഫോണിൽ വിളിച്ചു.

രണ്ട് തവണ വിളിച്ച ശേഷമാണ് അയാൾ ഫോൺ എടുത്തത്.

“ഞാൻ കുറച്ചു തിരക്കിലാ… പിന്നെ വിളിക്കാം ഞാൻ.” സുധാകരൻ തിരക്കിട്ട് പറഞ്ഞു കൊണ്ട് കാൾ കട്ട് ചെയ്യാൻ ഒരുങ്ങി.

“അയ്യോ… സുധേട്ടാ വയ്ക്കല്ലേ… നമ്മുടെ ശിവയെ പോലിസ് കൊണ്ട് പോയി. നിങ്ങളൊന്നു വേഗം വാ ഇങ്ങോട്ട്.” കരച്ചിലിന്റെ അകമ്പടിയോടെ ഊർമിള പറഞ്ഞു.

“ഏഹ്… പോലിസ് കൊണ്ട് പോയെന്നോ? എന്തിന്?”

“എനിക്കൊന്നും അറിയില്ല… ഞാൻ പുറത്ത് പോയിട്ട് വന്നപ്പോ വീട്ടിൽ പോലിസ് ജീപ്പ് നിൽക്കുന്നതാ കണ്ടത്. അവനെ അവർ ജീപ്പിൽ കേറ്റി കൊണ്ട് പോയി.”

“നീ ഫോൺ വച്ചോ ഞാൻ സ്റ്റേഷനിലേക്ക് പൊയ്ക്കോളാം.” സുധാകരൻ ധൃതിയിൽ കാൾ കട്ട് ചെയ്തു.

അതോടെ ഊർമിളയ്ക്കും സ്വസ്ഥത നഷ്ടപ്പെട്ടു.

“ഞാനൊന്ന് സ്റ്റേഷൻ വരെ ചെല്ലട്ടെ. സുധേട്ടൻ അങ്ങോട്ട്‌ വരാമെന്ന് പറഞ്ഞിട്ടുണ്ട്.” ആരെയും നോക്കാതെ ഊർമിള ധൃതിയിൽ റോഡിലേക്ക് ഇറങ്ങി ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു നിർത്തി അതിൽ കയറി പോയി.

“ആ ചെറുക്കൻ ആ പെണ്ണിനെ എന്തോ ചെയ്തിട്ടുണ്ട്. അതാ പോലിസ് വന്നത്. നമ്മളൊന്നും അറിയരുതെന്ന് കരുതിയാ ഊർമിള എന്നെ കൂടെ കൂട്ടാതെ പോയത്.” വിജി മറ്റുള്ളവരെ നോക്കി പറഞ്ഞു.

“എനിക്കും തോന്നി… എന്തായാലും പോലിസ് ഇടപെട്ട സ്ഥിതിക്ക് ഊർമിള എത്രയൊക്കെ മൂടി വയ്ക്കാൻ ശ്രമിച്ചാലും കാര്യമെന്താണെന്നൊക്കെ ഉടനെ എല്ലാവരും അറിഞ്ഞോളും.” സരിതയാണ് അത് പറഞ്ഞത്.

അവരോരുത്തരും തങ്ങൾക്ക് മനസ്സിൽ തോന്നിയതൊക്കെ പറഞ്ഞ് കൊണ്ടിരുന്നു.

🍁🍁🍁🍁🍁

ഊർമിള സ്റ്റേഷനിൽ ചെന്ന് കയറുമ്പോൾ ശിവപ്രസാദിനെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല.

ആരോടെങ്കിലും എന്തെങ്കിലും ചോദിച്ചറിയാൻ തന്നെ അവർക്ക് ഭയം തോന്നി.

അര മണിക്കൂറോളം ഊർമിള പോലിസ് സ്റ്റേഷന്റെ മുൻപിൽ വെയിറ്റ് ചെയ്തു. സുധാകരൻ ഓഫീസിൽ നിന്ന് കാറിൽ വരുകയാണ്. അയാളും കൂടി വന്നിട്ട് ശിവപ്രസാദിനെ കുറിച്ച് ആരോടെങ്കിലും ചോദിക്കാമെന്ന് കരുതി നിൽക്കുകയാണ് അവർ.

ഊർമിള അങ്ങനെ നിൽക്കുമ്പോഴാണ് നേരത്തെ കണ്ട പോലിസ് ജീപ്പ് അവിടേക്ക് കടന്ന് വന്നത്.

ജീപ്പിന് പിന്നിൽ ശിവപ്രസാദ് തല കുനിച്ച് ഇരിപ്പുണ്ട്. അവന്റെ നെറ്റിയിലെ മുറിവ് ഡ്രസ്സ്‌ ചെയ്തിട്ടുണ്ടായിരുന്നു. ശിവപ്രസാദിനെ ഹോസ്പിറ്റലിൽ കാണിച്ച് വന്നത് കൊണ്ടാവും ലേറ്റ് ആയതെന്ന് ഊർമിള ഊഹിച്ചു. പക്ഷേ അവനെങ്ങനെ പരിക്ക് പറ്റിയെന്ന് അവർക്ക് മനസ്സിലായില്ല.

താൻ വീട്ടിൽ നിന്ന് പോയതിന് പിന്നാലെ എന്തോ സംഭവിട്ടുണ്ട്. ഗായത്രിയെ ഇവൻ എന്ത് ചെയ്തു. അവളെ എന്തിനായിരിക്കും ആംബുലൻസിൽ കൊണ്ട് പോയത്. തന്റെ മകൻ അവളെ എന്തെങ്കിലും ചെയ്തിട്ടുണ്ടാവുമോ?

ഊർമിളയ്ക്ക് ശരീരമാകെ ഒരു വിറയൽ പടർന്നു. വർണ്ണയോട് കാണിച്ചത് പോലെ ഗായത്രിയെ ഇവൻ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. വർണ്ണയെ പോലെ മിണ്ടാതെ ഒതുങ്ങി പോകുന്ന ഇനമല്ല.

“ഇങ്ങോട്ട് ഇറങ്ങി വാടാ…” ഒരു പോലീസുകാരൻ ശിവപ്രസാദിന്റെ കഴുത്തിന് പിടിച്ചു പുറത്തേക്ക് തള്ളി.

ആ കാഴ്ച കണ്ട് ഊർമിളയുടെ നെഞ്ച് പിടഞ്ഞു.

“അയ്യോ സാറെ തള്ളല്ലേ… ഞാൻ ഇറങ്ങിക്കൊള്ളാം.” അവൻ കെഞ്ചി.

പിന്നെ സാവധാനം പുറത്തേക്ക് കാലെടുത്തു വച്ച് വേച്ച് വേച്ച് ഇറങ്ങി. ശിവപ്രസാദ് ജീപ്പിൽ നിന്ന് ഇറങ്ങിയപ്പോൾ അവൻ ഒരു കൈയ്യിൽ തൂക്കി പിടിച്ചിരുന്ന യൂറിൻ ബാഗ് കണ്ട് ഊർമിള ഞെട്ടിപ്പോയി.

“മോനേ… ശിവാ… നിനക്കെന്താ പറ്റിയെ? എന്താടാ ഞാനീ കാണുന്നതും കേൾക്കുന്നതുമൊക്കെ?” ഊർമിള കരഞ്ഞുകൊണ്ട് അവന്റെ അടുത്തേക്ക് ഓടി വന്നു.

“അമ്മേ… ഞാൻ… എനിക്ക്… എനിക്കൊരു അബദ്ധം പറ്റിപ്പോയി.” അവന്റെ സ്വരം ചിലമ്പിച്ചിരുന്നു.

“ഗായത്രിയെ നീയെന്താ ചെയ്തത്?” ഊർമിള മകനെ ദയനീയമായൊന്ന് നോക്കി.

ശിവപ്രസാദ് കുറ്റവാളിയെ പോലെ മുഖം കുനിച്ചു.

“നിങ്ങൾക്ക് ഇവനോട് എന്തെങ്കിലും മിണ്ടാനോ പറയാനോ ഉണ്ടെങ്കിൽ അതൊക്കെ മാഡത്തിനോട് ചോദിച്ചിട്ട് മതി.” ഒരു കോൺസ്റ്റബിൾ അവരെ നോക്കി പറഞ്ഞിട്ട് അവനെ സ്റ്റേഷന് ഉള്ളിലേക്ക് പിടിച്ചു വലിച്ചു കൊണ്ട് പോയി.

അപ്പോഴേക്കും സുധാകരനും അവിടെ എത്തി ചേർന്നു.

“ഊർമിളേ… ശിവനെവിടെ? അവനെ എന്തിനാ പോലിസ് പിടിച്ചു കൊണ്ട് വന്നത്?” അയാളുടെ സ്വരത്തിൽ ആധി നിറഞ്ഞിരുന്നു.

“എനിക്കൊന്നും അറിയാൻ പാടില്ല… എന്തെങ്കിലും പറയാനോ അറിയാനോ ഉണ്ടെങ്കിൽ എസ് ഐ മാഡത്തിനോട് ചോദിക്കാൻ പറഞ്ഞു.”

“നീ വാ..” നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കർച്ചീഫ് കൊണ്ട് ഒപ്പി അയാൾ അകത്തേക്ക് നടന്നു.

🍁🍁🍁🍁

“സുരേഷേ… ഇവന്റെ ഷർട്ടും പാന്റും അഴിച്ചു മാറ്റി അടിവസ്ത്രം മാത്രം ഇട്ട് സെല്ലിൽ അടച്ചേക്ക്. ഇന്ന് രാത്രി മുഴുവനും അവൻ അതിനകത്ത് കൊതുക് കടിയും കൊണ്ട് കിടക്കട്ടെ.” എസ് ഐ രാധിക പറഞ്ഞത് കേട്ട് ശിവപ്രസാദ് ഞെട്ടിപ്പോയി.

ഗായത്രിയുടെ എമർജൻസി ലാമ്പ് കൊണ്ടുള്ള അടി അവന് നന്നായി ഏറ്റിരുന്നു. നെറ്റി പൊട്ടിയ മുറിവ് ഹോസ്പിറ്റലിൽ കാണിക്കാൻ പോലിസ് അവനെ കൊണ്ട് പോയപ്പോൾ ഡോക്ടറോട് അവൻ യൂറിൻ പോകുന്ന ഭാഗത്തും വേദനയുണ്ടെന്ന് പറഞ്ഞിരുന്നു.

ഡോക്ടർ പരിശോധിച്ച ശേഷം  ശിവപ്രസാദിന് യൂറിൻ പോകുന്നതിനു ബുദ്ധിമുട്ട് കണ്ട ഡോക്ടർ ട്യൂബ് ഇട്ട് വിടുകയായിരുന്നു. വേദന കാരണം അവനൊന്ന് നിവർന്നു നിൽക്കാനോ നേരെ ചൊവ്വേ നടക്കാനോ കഴിയുന്നില്ലായിരുന്നു. ഹോസ്പിറ്റലിൽ വച്ച് ഡോക്ടർ ട്യൂബ് ഇട്ടപ്പോൾ ഇന്നർ ഒഴിവാക്കിയതാണ്. അതുകൊണ്ട് തന്നെ പാന്റ് കൂടി ഊരിയാൽ താൻ എല്ലാവരുടെയും മുന്നിൽ നാണംകെട്ട് പോകുമല്ലോ എന്നോർത്ത് അവൻ ടെൻഷനായി.

“അയ്യോ സാറെ… പാന്റ് അഴിക്കരുത്. ഞാൻ ഇന്നർ ഇട്ടിട്ടില്ല.” കോൺസ്റ്റബിൾ സുരേഷ് അവന്റെ അടുത്തേക്ക് വന്നതും ശിവപ്രസാദ് സ്വരം താഴ്ത്തി പറഞ്ഞു.

“മാഡം… ഇവൻ അടിയിൽ ഒന്നും ഇട്ടിട്ടില്ലെന്ന്.” എല്ലാവരും കേൾക്കാൻ പാകത്തിൽ സുരേഷ് കുറച്ചു ഉച്ചത്തിൽ തന്നെയാണ് അത് പറഞ്ഞത്.

അത് കേട്ട് അവിടെ ഉണ്ടായിരുന്നവരൊക്കെ ശിവപ്രസാദിനെ നോക്കി പരിഹസിച്ച് ചിരിച്ചു.

“യൂറിൻ പോകാൻ ട്യൂബ് ഇട്ടത് കൊണ്ടാണ് മാഡം…” അവൻ പറഞ്ഞു വന്നത് പകുതിയിൽ നിർത്തി ശിരസ്സ് താഴ്ത്തി.

“നിന്റെ കയ്യിലിരിപ്പിന് കിട്ടിയതല്ലേ. ഇതൊന്നും പോരാ നിന്നെ പോലുള്ളവന്. ഇപ്പോ തന്നെ നിനക്ക് എണീറ്റ് നിൽക്കാൻ വയ്യ അല്ലെങ്കിൽ എന്റെ കൈചൂട് കൂടി നീ അറിഞ്ഞേനെ.” രാധിക അവജ്ഞയോടെ പറഞ്ഞു.

തങ്ങളുടെ മകനെ സ്റ്റേഷനിൽ ഉള്ളവർ അപമാനിക്കുന്നത് കണ്ട് നെഞ്ച് പൊട്ടുന്ന വേദനയോടെ നിൽക്കുകയാണ് സുധാകരനും ഊർമിളയും…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button