കളര്‍കോട് വാഹനാപകടം: കെ എസ് ആര് ടി സി ഡ്രൈവറെ പ്രതിയാക്കി എഫ് ഐ ആര്
സോഷ്യല്‍ മീഡിയയില്‍ വിമർശനം
ആലപ്പുഴയിലെ കളര്‍കോട്ടില്‍ കെ എസ് ആര് ടി സി ബസിന് നേരെ പാഞ്ഞുകയറി അഞ്ച് എം ബിബി എസ് വിദ്യാര്‍ഥികള്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ കെ എസ് ആര് ടി സി ഡ്രൈവര്‍ക്കെതിരെ പോലീസ്. ഡ്രൈവറെ പ്രതിയാക്കി പോലീസ് എഫ് ഐ ആര് ഇട്ടു. കാറിന്റെ അമിത വേഗതയും ഭാരവുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസും നാട്ടുകാരും വ്യക്തമാക്കിയതിന് പിന്നാലെയാണ് പോലീസിന്റെ എഫ് ഐ ആര്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര് എന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചെന്നും കാണിച്ചാണ് പോലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്.
അപകടത്തിന്റെ കാരണം എന്താണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നടക്കം വ്യക്തമായിട്ടും പോലീസ് കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയതില്‍ ദുരൂഹത ആരോപിച്ച് സോഷ്യല്‍മീഡിയയില്‍ നിരവധി പേര് രംഗത്തെത്തി.
എന്നാല്‍ മറ്റ് തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ എഫ്ഐആറില്‍ മാറ്റം വന്നേക്കാമെന്നാണ് പോലീസ് ന്യായീകരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ദാരുണമായ വാഹനപകടം നടന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന് ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന് ശ്രീദീപ് വത്സന് (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന് ബി. ദേവാനന്ദന് (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന് മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറുവിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ സഹപാഠികളും, അധ്യാപകരും, വന്‍ ജനാവലിയും വിടനല്‍കിയതിന് പിന്നാലെ, മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോയി. ആയുഷ് ഷാജിയുടെ മൃതദേഹം കാവാലത്തെ വീട്ടിലെത്തിച്ചു. ഇന്‍ഡോറിലുള്ള മാതാപിതാക്കളും സഹോദരിയും വൈകിട്ടോടെ വീട്ടിലെത്തിച്ചു. കോട്ടയം മറ്റക്കര സ്വദേശി ദേവനന്ദന്റെ മൃതദേഹം കുടുംബ വീട്ടിലെത്തിച്ചു. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം കൊച്ചി ടൗണ്‍ ജുമാ മസ്ജിദില്‍ കബറടക്കി. പാലക്കാട് സ്വദേശി ശ്രീദീപ് വല്‍സന്റെ മൃതദേഹം നാലരയോടെ ശേഖരിപുരത്തെ വീട്ടിലെത്തിച്ചു. സംസ്കാരം വൈകിട്ട് ആറിന് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ നടന്നു.