Kerala

ബി ജെ പിയില്‍ എത്തിയതിന് പിന്നാലെ മുട്ടന്‍ പണി; ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന കേസ്

നടപടി സി പി എം പ്രവര്‍ത്തക കൂടിയായ ഭാര്യയുടെ പരാതിന്മേല്‍

ആലപ്പുഴയില്‍ സി പി എം വിട്ട് ബി ജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ കേസ്. ഭാര്യയും ഡിവൈഎഫ്‌ഐ ഭാരവാഹി കൂടിയായ മിനിസ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

പത്ത് ലക്ഷം രൂപ ബിപിന്‍ തന്റെ പിതാവില്‍ നിന്ന് വാങ്ങിയെന്നും സ്ത്രീധനമായാണ് ഇത് വാങ്ങിയതെന്നും പിന്നീട് പണം ചോദിച്ച് തന്നെ മര്‍ദിച്ചെന്നുമാണ് പരാതി. സി പി എം കായംകുളം ഏരിയ കമ്മിറ്റി അംഗവും ബിപിന്റെ അമ്മയുമായ പ്രസന്നകുമാരിക്കെതിരെയും പരാതിയുണ്ട്. ഇവരെ രണ്ടാം പ്രതിയാക്കിയാണ് പോലീസ് കേസ് എടുത്തത്.

സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ബിപിനെതിരെ നേരത്തേ ഭാര്യ പരാതിയുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സിപിഎം ബിപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം ബി ജെ പിയില്‍ ചേരുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ തന്നെ പോലീസ് കേസ് എടുക്കുകയായിരുന്നു.

നേരത്തെ ബിപിന്‍ സി. ബാബുവിന്റെ ബി.ജെ.പി പ്രവേശം സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പം ഭാര്യ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. ‘പോയിത്തന്നതിന് നന്ദി’ എന്നെഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. കേക്ക് മുറിച്ചതിന് പുറമെ കരീലക്കുളങ്ങര, പത്തിയൂര്‍ മേഖലയിലെ സിപിഎം പ്രവര്‍ത്തകര്‍ പായസവിതരണവും നടത്തിയിരുന്നു.

Related Articles

Back to top button