Kerala
വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിൽ തീരുമാനം ഇന്ന്; യൂണിറ്റിന് 10 മുതൽ 20 പൈസ വരെ വർധിപ്പിച്ചേക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിൽ ഇന്ന് തീരുമാനമാകും. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ വർധിപ്പിച്ചേക്കും. റഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിരക്ക് വർധന മുഖ്യമന്ത്രിയെ അറിയിക്കും. ഇതിന് ശേഷം വിജ്ഞാപനം ഇറക്കും.
സമ്മർ താരിഫ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം അംഗീകരിക്കാനിടയില്ല. വേനൽ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കിൽ സമ്മർ താരിഫ് വേണമെന്നാണ് ആവശ്യം. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് സാധാരണക്കാർക്ക് ഇരുട്ടടിയാകും.
ആഭ്യന്തര ഉത്പാദനത്തിലെ കുറവ്, പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വർധനവ്, വർധിച്ച് വരുന്ന പ്രവർത്തന പരിപാലന ചെലവുകൾ എന്നിവയാണ് നിരക്ക് വർധനവിനുള്ള കാരണങ്ങളായി പറയുന്നത്.