
ആന്ധ്രപ്രദേശിന്റെ ത്രസിപ്പിക്കുന്ന പോരാട്ടവും കേരളത്തിന്റെ നെഞ്ചുരുകിയുള്ള പ്രാര്‍ത്ഥനയും വിഫലമായി. മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്ക് മികച്ച വിജയം. തങ്ങളുടെ തോല്‍വി സ്വപ്നം കണ്ട ആന്ധ്രക്കും കേരളത്തിനും കനത്ത മറുപടി നല്കി കൊണ്ടാണ് മുംബൈ വിജയം കൈവരിച്ചത്.
ആന്ധ്രപ്രദേശിന്റെ കൂറ്റന്‍ സ്കോര്‍ മൂന്ന് ബോളും നാല് വിക്കറ്റും ബാക്കിനില്‍ക്കെ മുംബൈ മറികടന്നു. അവസാനം വരെ അത്യന്തം ആവേശകരമായ മത്സരത്തില്‍ മുംബൈ വിജയിച്ചതോടെ ടൂര്‍ണമെന്റില്‍ നിന്ന് കേരളം പുറത്തായി. മുംബൈക്കെതിരെ ആന്ധ്ര പടുത്തയര്‍ത്തിയ 229 എന്ന കൂറ്റന്‍ കണ്ടപ്പോള്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ സ്വപ്നം പൂവിട്ടിരുന്നു. തോല്‍വിയറിയാതെ ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാമെന്ന് ആന്ധ്രയും സ്വപ്നം കണ്ടിരുന്നു. എന്നാല്‍, എല്ലാ സ്വപ്നങ്ങളെ കാറ്റില്‍പ്പറത്തിയായിരുന്നു മുംബൈയുടെ മറുപടി ബാറ്റിംഗ്.
ആന്ധ്രയുടെ ഓപ്പണര്‍ ശ്രീകാര്‍ ഭാരതിന്റെ 53 പന്തിിലെ 93 റണ്‍സ് എന്ന പ്രകടനത്തിന് അഥേ ഭാഷ്യത്തില്‍ മറുപടി നല്കി മുംബൈയുടെ അജിങ്ക്യ രഹാനെ 54 പന്തില്‍ 95 റണ്‍സ് എടുത്തു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന സുരക്ഷിതമായ സ്കോറില്‍ ടീമിനെ എത്തിച്ചാണ് 17.1 ഓവറില്‍ രഹാനെ ക്രീസ് വിടുന്നത്.
ഇതോടെ ആറ് മത്സരത്തില്‍ അഞ്ച് വിജയവും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനക്കാരായി മുംബൈ ക്വാര്‍ട്ടറിലെത്തി. മുംബൈയുടെ തോല്‍വി കേരളത്തിനോടായിരുന്നുവെന്ന ആശ്വാസം മാത്രമാണ് സഞ്ജുവിന്റെ ടീമിനുള്ളത്.