ആവശ്യക്കാരുടെ വര്‍ധനവ്: ദുബൈയില്‍ 10 ശതമാനംവരെ വാടക വര്‍ധിക്കും

ദുബൈ: താമസയിടങ്ങള്‍ക്കും മറ്റും ആവശ്യക്കാര്‍ വര്‍ധിക്കുന്നത് ദുബൈയിലെ ചിലയിടങ്ങളില്‍ അടുത്ത വര്‍ഷം വാടക വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് റിപ്പോര്‍ട്ട്. ആഢംബര താമസയിടങ്ങള്‍ക്കാവും വാടക വര്‍ധനവ് കൂടുതല്‍ സംഭവിക്കുകയെന്ന് റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. എമിറേറ്റില്‍ സംഭവിച്ച ജനസംഖ്യാ വര്‍ധനവാണ് വാടക കൂടാന്‍ ഇടയാക്കുന്നത്.
ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ കണക്കനുസരിച്ച് ദുബൈയില്‍ 38.14 ലക്ഷം പേരാണ് താമസിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് താമസക്കാരുടെ എണ്ണം 36.54 ആയിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ 1,59,522 പുതിയ താമസക്കാരാണ് ദുബൈയിലേക്ക് എത്തിയിരിക്കുന്നത്. ഇത് തന്നെയാണ് വാടക അടുത്ത വര്‍ഷം ഉയരാന്‍ ഇടയാക്കുന്നത്.
2024ല്‍ ദുബൈയില്‍ 15 മുതല്‍ 20 ശതമാനംവരെ വാടകയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി ബെറ്റര്‍ഹോംസ് ഡയരക്ടര്‍ റൂപേര്‍ട്ട് സിമ്മോണ്‍ഡസ് വെളിപ്പെടുത്തി. എന്നാലും 2022, 2023 കാലഘട്ടത്തില്‍ ഉണ്ടായതോതിലുള്ള വര്‍ധനവ് ഈ വര്‍ഷം ഉണ്ടായിട്ടില്ല. അടുത്ത വര്‍ഷം അഞ്ചു മുതല്‍ 10 ശതമാനംവരെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം 15 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായതെന്ന് സണ്‍റൈസ് കാപിറ്റല്‍ സിഇഒ യോഗേഷ് ബുല്‍ചന്ദാനി പറഞ്ഞു. 10 മുതല്‍ 13 ശതമാനംവരെ വര്‍ധനവ് അടുത്ത വര്‍ഷത്തില്‍ സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.