യുവാവിന്റെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; വ്യാജ കേസുകള്‍ പിന്‍വലിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടത് മൂന്ന് കോടി
ഭാര്യക്കും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു

വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം ജീവനൊടുക്കിയ ടെക്കിയായ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ മരിച്ച ബിഹാര്‍ സ്വദേശിയായ അതുല്‍ സുഭാഷി(34)ന്റെ 24 പേജുള്ള ആത്മഹത്യ കുറിപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.
തനിക്കെതിരെ ഭാര്യയും അവരുടെ ബന്ധുക്കളും ചേര്‍ന്ന് നല്‍കിയ വ്യാജ കേസുകള്‍ പിന്‍വലിക്കാന്‍ തന്നോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഭാര്യ, ഭാര്യയുടെ കുടുംബാംഗങ്ങള്‍, ഉത്തര്‍പ്രദേശിലെ ഒരു ജഡ്ജി എന്നിവര്‍ക്കെതിരേയുള്ള ആരോപണങ്ങളാണ് അതുല്‍ ചിത്രീകരിച്ച വീഡിയോയിലുള്ളത്.
അതുലിന്റെ മരണത്തില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ടെന്ന് സഹോദരനും വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിരിക്കുകയാണ് പോലീസ്.
വ്യാജകേസുകള്‍ വര്‍ധിക്കുന്നതില്‍ രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും പങ്കുണ്ടെന്നും കാണിച്ച് രാഷ്ട്രപതിയ്ക്ക് അതുല്‍ എഴുതിയ കത്തും കണ്ടെടുത്തിട്ടുണ്ട്. തനിക്കെതിരേയുള്ള എല്ലാ വ്യാജകേസുകളും പിന്‍വലിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെടുന്ന കുറിപ്പും അതുല്‍ സൂക്ഷിച്ചിരുന്നു.