വയനാട് പുനരധിവാസം: കർണാടകയുടെ പിന്തുണ സ്നേഹപൂർവം ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി
ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിന് വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ഉടൻ ചേരുമെന്ന് റവന്യു മന്ത്രി കെ രാജൻ. പുനരധിവാസത്തിന് 100 വീടുകൾ നൽകുമെന്ന കർണാടക സർക്കാരിന്റെ കത്തിന് കേരളം മറുപടി നൽകിയില്ലെന്ന് ആരോപിച്ചുള്ള സിദ്ധരാമയ്യയുടെ കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനുള്ള മറുപടി ഉടൻ നൽകുമെന്നും മന്ത്രി അറിയിച്ചു
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തർക്കിക്കുന്നതിൽ യോജിപ്പില്ല. കർണാടകയുടെ പിന്തുണ സ്നേഹപൂർവം ആവശ്യപ്പെടും. വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ചേരാൻ വൈകിയതിന് കാരണം ഏറ്റെടുക്കാൻ ശ്രമം നടത്തിയ എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളാണ്. ഈ പ്രശ്നത്തിന് വൈകാതെ പരിഹാരമുണ്ടാകും
ആരുമായും സംസാരിക്കാനുള്ള വാതിൽ സർക്കാർ കൊട്ടിയടച്ചിട്ടില്ല. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മാത്രമേ പുനരധിവാസം സാധ്യമാകൂ. ദുരന്തബാധിതർക്ക് പ്രതിദിനം മുന്നൂറ് രൂപ വെച്ച് ജീവനോപാധി നൽകുന്നത് ഈ ആഴ്ച പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി.