Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം, വോട്ടർമാർക്ക് നന്ദി അറിയിച്ച് സതീശൻ

തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിൽ നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിജയത്തിനായി പ്രവർത്തിച്ച സഹപ്രവർത്തകർക്കും വോട്ടർമാർക്കും നന്ദിയുണ്ട്. മൂന്ന് പഞ്ചായത്തുകളിൽ യുഡിഎഫിന് എൽഡിഎഫിൽ നിന്ന് ഭരണം പിടിച്ചെടുക്കാനായെന്നും തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് നിലനിൽക്കുന്ന അതിശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്നും വിഡി സതീശൻ പറഞ്ഞു

സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയമാണ് നേടിയത്. സമീപകാല ഉപതെരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് നിലനിർത്താനായെന്നും 13ൽ നിന്നും 17ലേക്ക് യുഡിഎഫ് സീറ്റ് വിഹിതം ഉയർത്തി. പാലക്കാട് തച്ചൻപാറ, തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലെ എൽഡിഎഫ് ഭരണം യുഡിഎഫ് അവസാനിപ്പിച്ചു. അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലം. എൽഡിഎഫിൽ നിന്ന് 9 സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. 15 സീറ്റിൽ നിന്ന് 11 ലേക്ക് എൽഡിഎഫ് കൂപ്പുകുത്തിയെന്നും പ്രതിപക്ഷ നേതാവിന്റെ വാർത്താകുറിപ്പിൽ പറയുന്നു.

മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷൻ കഴിഞ്ഞ തവണത്തേതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിനാണ് യുഡിഎഫ് നിലനിർത്തിയത്. മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാർഡ് 35 വർഷത്തിനു ശേഷം യുഡിഎഫ് പിടിച്ചെടുത്തു. കൊല്ലം ചടയമംഗലം പൂങ്കോട് വാർഡ് രണ്ടു പതിറ്റാണ്ടിനു ശേഷം യു.ഡി.എഫ് തിരിച്ചു പിടിച്ചു. പത്തനംതിട്ട ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിൽ മൂന്നിടത്തും യുഡിഎഫ് വിജയിച്ചു. കേരളത്തിൽ സർക്കാർ ഇല്ലായ്മയാണെന്ന പ്രതിപക്ഷ വാദത്തിന് അടിവരയിടുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയമെന്നും സതീശൻ പറഞ്ഞു

 

Related Articles

Back to top button
error: Content is protected !!