Kerala

ഉമര്‍ ഫൈസി അധിക്ഷേപിച്ചു; ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയി; സമസ്ത മുശാവറയില്‍ നാടകീയ രംഗങ്ങള്‍

ലീഗ് അനുകൂലികളെ കള്ളന്മാർ എന്ന് ആക്ഷേപിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ കെ വിഭാഗം) മുശാവറ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. സമസ്തയിലെ മുസ്ലിംലീഗ് വിരുദ്ധ ചേരിയെ നയിക്കുന്ന മുക്കം ഉമര്‍ ഫൈസിയുടെ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ ഇറങ്ങിപ്പോയെന്നാണ് വാര്‍ത്ത. തങ്ങള്‍ ഇറങ്ങിപ്പോയതിന് പിന്നാലെ ഉപാദ്ധ്യക്ഷന്‍ മുശാവറ യോഗം പിരിച്ചുവിടുകയായിരുന്നു. ഉമര്‍ഫൈസിയുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായതെന്ന് സമസ്ത വൃത്തങ്ങള്‍ അറിയിച്ചു.

ഉമര്‍ ഫൈസിയുടെ വിഷയം ചര്‍ച്ച ചെയ്യുന്ന സമയത്ത് അദ്ദേഹം യോഗത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പാലിക്കാന്‍ ഉമര്‍ ഫൈസി മുക്കം തയ്യാറായില്ല. മാത്രമല്ല വിഷയത്തില്‍ സംസാരിക്കാന്‍ മുതിരുകയും ചെയ്തു. സംസാരത്തിനിടെ ചില സമസ്ത നേതക്കാളെ ഉേേദ്ദശിച്ച് കള്ളന്‍മാര്‍ എന്ന പ്രയോഗം നടത്തിയതാണ് ജിഫ്രി തങ്ങളെ രോഷാകുലനാക്കിയത്. ഇതേതുടര്‍ന്ന് ഇദ്ദേഹം യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.

അതേ സമയം സമസ്തയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ പ്രത്യേക മുശാവറ ചേരുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാഴ്ച്ചക്കകം ചേരുന്ന മുശാവറയില്‍ തര്‍ക്കങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇസ്ലാമിക് കോളേജുകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മധ്യസ്ഥ തീരുമാനങ്ങള്‍ നടപ്പായില്ല.

ഹക്കീം ആദൃശേരിയെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കി. സമസ്തക്ക് ഇസ്ലാമിക് കോളേജ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ഒരു ബന്ധവുമില്ല. എന്നാല്‍ സമസ്തയുടേയും ലീഗിന്റെയും നേതാക്കള്‍ തമ്മില്‍ എടുത്ത തീരുമാനങ്ങള്‍ ഇസ്ലാമിക് കോളേജ് കോര്‍ഡിനേഷന്‍ കമ്മിറ്റിയെ കൊണ്ട് അംഗീകരിപ്പിക്കാമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്ത നേതാക്കളോട് പറഞ്ഞതാണ്. ഇത് നടപ്പാക്കുന്ന മുറക്ക് തീരുമാനം പുനഃപരിശോധിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!