Kerala
കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തിരുവല്ല സ്വദേശികളായ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ ജേക്കബ് എബ്രഹാം(60), ഭാര്യ ഷീല(55), പേരക്കുട്ടി രണ്ട് മാസം പ്രായമായ ആരോൺ ജേക്കബ് എന്നിവരാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മകന്റെ ഭാര്യ എലീന തോമസിനെ(30) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ലയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കാറും പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കൊറിയർ വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.
രാവിലെ പതിനൊന്നരയോടെയാണ് അപകടം നടന്നത്. മരുമകൾ അലീനയെയും കുഞ്ഞിനെയും ബംഗളൂരുവിലേക്ക് കൊണ്ടാക്കാനായി പോകുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.