നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജിയിൽ ആർ ശ്രീലേഖക്ക് കോടതി നോട്ടീസ് അയച്ചു
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖക്ക് നോട്ടീസ്. അതിജീവിത നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ശ്രീലഖക്ക് വിചാരണ കോടതി നോട്ടീസ് അയച്ചത്. കേസിലെ പ്രതിയും നടനുമായ ദിലീപിനെതിരെ തെളിവുകളില്ലെന്ന ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്.
തന്റെ യൂട്യൂബ് ചാനലിലും ചില ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും ദിലീപിന് അനുകൂലമായ നിലപാട് ആർ ശ്രീലേഖ സ്വീകരിച്ചിരുന്നു. കേസിൽ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം. ദിലീപിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരോട് കാര്യങ്ങൾ ബോധിപ്പിച്ചിരുന്നുവെന്നും നടിയെ ആക്രമിച്ച കേസ് ഉടനൊന്നും തീരില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ശ്രീലേഖയ്ക്കെതിരെ അതിജീവിത വിചാരണകോടയിൽ കോടതിയലക്ഷ്യ ഹർജി നൽകിയത്. അതിനിടെ കേസിന്റെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത വിചാരണ കോടതിയിൽ ഹർജി സമർപ്പിച്ചു. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് ഈ ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്.