ചരിത്രം കുറിച്ച് ഗുകേഷ്; ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
സിംഗപ്പൂർ : ലോക ചെസ് ചാമ്പ്യൻഷിപ്പ് (World Chess Championship 2024) കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷ്. ചൈനീസ് താരവും മുൻ ചാമ്പ്യനുമായ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഡി ഗുകേഷ് തൻ്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കുന്നത്. കിരീട നേട്ടത്തോടെ ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഗുകേഷ് സ്വന്തമാക്കി. ഒരുഘട്ടത്തിൽ സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരമാണ് ഗുകേഷ് തൻ്റേതാക്കി സ്വന്തമാക്കിയത്. ചൈനീസ് താരം വരുത്തിവെച്ച പിഴവുകൾ കൃത്യമായി മുതലെടുത്താണ് ഗുകേഷ് വിജയം കൈവരിച്ചത്. മത്സരത്തിൻ്റെ 14 ഘട്ടത്തിൽ കറുത്ത കരുക്കളുമായിട്ടാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയത്.
1985ൽ ചെസ് ഇതിഹാസ താരം ഗാരി കാസ്പറോവ് 22-ാം വയസിൽ കുറിച്ച് റെക്കോർഡാണ് 18കാരനായ ഗുകേഷ് സിംഗപ്പൂരിൽ വെച്ച് തിരുത്തി കുറിച്ചത്. കൂടാതെ ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചലഞ്ചറാകുകയും ചെയ്തു താരം. ഒന്നാം പോരാട്ടത്തിൽ തോൽവി വഴങ്ങിയെങ്കിലും മൂന്നാം ഘട്ടത്തിൽ ജയം പിടിച്ചെടുത്താണ് ഗുകേഷ് മത്സരം സമനിലയിൽ എത്തിച്ചത്. തുടർന്ന് ബാക്കിയുള്ള പത്ത് പോരാട്ടങ്ങളും സമനിലയിൽ പിരിഞ്ഞു. ശേഷം 11-ാം ഘട്ടത്തിലാണ് ചൈനീസ് താരത്തിനെതിരെ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർല ആധിപത്യം സൃഷ്ടിക്കുന്നത്.
പക്ഷെ 12-ാം പോരാട്ടത്തിലും ഗുകേഷിന് പിഴച്ചു. ഇതോടെ പോയിൻ്റിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമെത്തി. അടുത്ത പോരാട്ടവും സമനിലയിൽ കലാശിച്ചു. തുടർന്ന് 14 ഘട്ടത്തിൽ കറുത്ത കരുക്കളുമായി ചൈനീസ് എതിരാളിയെ കളത്തിൽ വെട്ടി നീക്കുകയായിരുന്നു ഇന്ത്യൻ താരം. അതോടെ ചരിത്രം ഗുകേഷിൻ്റെ പേരിനൊപ്പം ചേർന്നു. തമിഴ്നാട് ചെന്നൈ സ്വദേശിയാണ് ഗുകേഷ്