ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുത്; കുതിരയെ പോലെ ജോലി ചെയ്യണമെന്നും സുപ്രീം കോടതി
ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി. വിധിന്യായങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും ജഡ്ജിമാർ സന്ന്യാസിയെപ്പോലെ ജീവിക്കണമെന്നും കുതിരയെപ്പോലെ ജോലി ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു.
മധ്യപ്രദേശ് ഹൈക്കോടതിയിലെ ജുഡീഷ്യൽ ഓഫീസർമാരായ അദിതി കുമാർ ശർമ, സരിത ചൗധരി എന്നിവരെ പിരിച്ചുവിട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമർശം. ജുഡീഷ്യൽ ഉദ്യോഗസ്ഥർ ഫേസ്ബുക്കിൽ നിന്ന് അകലം പാലിക്കണം. അവർ വളരെയധികം ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ട്. ഉദ്യോഗസ്ഥർ വിധിന്യാങ്ങളെ കുറിച്ച് അഭിപ്രായം പറയരുത്. അഭിപ്രായങ്ങൾ പ്രകടിപ്പിച്ചാൽ നാളെ വരാനിരിക്കുന്ന വിധി മറ്റൊരു തരത്തിൽ പുറത്തുവരുമെന്നും കോടതി വ്യക്തമാക്കി
അമികസ്‌ക്യൂറിയും കോടതിയുടെ ഉപദേശകനുമായിരുന്ന മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളിന്റെ സബ്മിഷനെ തുടർന്നാണ് വനിതാ ജഡ്ജിമാർക്കെതിരായ പരാതികൾ ഉയർന്നത്. പ്രകടന മികവിന്റെ പേരിലാണ് 2023 നവംബർ 11ന് ആയിരുന്നു ആറ് വനിതാ സിവിൽ ജഡ്ജിമാരെ പിരിച്ചുവിട്ടത്.