ശൈത്യകാല അവധി: ദുബൈ വിമാനത്താവളം പ്രതീക്ഷിക്കുന്നത് 52 ലക്ഷം യാത്രക്കാരെ
ദുബൈ: ശൈത്യകാല അവധിയോട് അനുബന്ധിച്ച് രണ്ടാഴ്ചക്കിടെ ദുബൈ രാജ്യാന്തര വിമാനത്താവളം പ്രതീക്ഷിക്കുന്നത് 52 ലക്ഷം യാത്രക്കാരെ. ദുബൈയിലെ താമസക്കാര്‍ മഞ്ഞുകാലം ചെലവഴിക്കാന്‍ വിദേശങ്ങളിലേക്ക് പോകുന്നത് പരിഗണിച്ച് യാത്രക്കായി നേരത്തെ ജാഗ്രതയോടെ ഒരുങ്ങാന്‍ വിമാനത്താവള അധികൃതര്‍ അഭ്യര്‍ഥിച്ചു. ഡിസംബര്‍ 13നും 31നും ഇടയിലാണ് ദുബൈ വിമാനത്താവളം ഇത്രയും വലിയതോതിലുള്ള യാത്രക്കാരെ പ്രതീക്ഷിക്കുന്നത്.
ഡിസംബര്‍ 20 ആവും ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന ദിനം. 2.96 ലക്ഷം പേര്‍ ആ ഒരു ദിവസം മാത്രം വിമാനത്താവളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കായി എത്തുന്നവരും പുറം നാടുകളില്‍നിന്നും ദുബൈയിലേക്ക് വന്നുചേരുന്നവരും ഉള്‍പ്പെടെയാണ് ഈ സംഖ്യ. 20 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ 8.8 ലക്ഷം യാത്രക്കാരാണ് താവളം ഉപയോഗപ്പെടുത്തുക. ഫെസ്റ്റിവല്‍ കാലമായി പരിഗണിക്കപ്പെടുന്ന ഈ ദിനങ്ങളില്‍ ശരാശരി 2.74 ലക്ഷം യാത്രാക്കാര്‍ പുറത്തേക്കും അകത്തേക്കുമായി വന്നുപോകുമെന്നാണ് കണക്കാക്കുന്നതെന്നും ദുബൈ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.