കാഫിര്‍ സ്ക്രീന്‍ ഷോട്ട്: പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം
മതസ്പര്ദ്ധയുണ്ടാക്കിയ സ്ക്രീന്‍ഷോട്ടുകളാണ് പ്രചരിപ്പിച്ചതെന്ന്
സമുദായത്തെ ഭിന്നിപ്പിച്ച് വോട്ട് ലക്ഷ്യംവെച്ച് മതസ്പര്‍ദ്ധയുണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. വടകര ലോക്സഭ സ്ഥാനാര്‍ഥി ശൈലജ ടീച്ചര്‍ക്ക് ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ലഭിക്കാന്‍ വേണ്ടി യു ഡി എഫ് പ്രവര്‍ത്തകരുടേതെന്ന് പറഞ്ഞ് പ്രചരിപ്പിച്ച കാഫിര്‍ സ്ക്രീന്‍ ഷോട്ടിന്റെ വിഷയത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ ഉണ്ടാക്കിയ അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന് മനീഷ്, റെഡ് ബറ്റാലിയന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അമല്‍ റാം, റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി ഫേസ്ബുക്ക് പേജിന്റെ അഡ്മിന് വഹാബ് എന്നിവരെ കേസില്‍ പ്രതി ചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.
കാഫിര്‍ സ്ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും ഇവരെല്ലാം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോരാളി ഷാജി ഗ്രൂപ്പില്‍ നിന്നും സ്ക്രീന്‍ഷോട്ട് നീക്കം ചെയ്യാത്തതിന് ഫേസ്ബുക്ക് അധികൃതരെ പ്രതി ചേര്‍ത്തു. സ്ക്രീന്‍ഷോട്ട് എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് റിബേഷ് മറുപടി പറഞ്ഞിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നിട്ടും നാളിതുവരെ ഇവരെ ആരേയും കേസില്‍ പ്രതി ചേര്‍ക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന് വ്യാജ സ്ക്രീന്‍ഷോട്ട് കേസിലെ ഇരയായ മുഹമ്മദ് കാസിമിന് വേണ്ടി ഹാജരായ അഭിഭാഷകന് മുഹമ്മദ് ഷാ കോടതിയെ ധരിപ്പിച്ചു.
കാസിമിനെ തെറ്റായി പ്രതി ചേര്‍ത്ത പോലീസ് മറ്റുള്ളവരെ പ്രതിയാക്കാത്തതില്‍ ദുരൂഹതയുണ്ട്. തനിക്ക് ആരാണ് ഈ പോസ്റ്റ് അയച്ചുതന്നത് എന്ന് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത റിബേഷിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണം. അങ്ങനെ ചെയ്യാത്ത പോലീസ് ശരിയായ അന്വേഷണം നടത്തുന്നുണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നും അഭിഭാഷകന് വാദിച്ചു.