ഫ്‌ളൈയിങ് ടാക്‌സി: കൂടുതല്‍ കമ്പനികള്‍ മുന്നോട്ടുവരുന്നതായി ജിസിസിഎ
അബുദാബി: രാജ്യത്ത് ഫ്‌ളൈയിങ് ടാക്‌സി സര്‍വിസ് ആരംഭിക്കാന്‍ കൂടുതല്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ച് സമീപിക്കുന്നതായും ഇവരുമായി ചര്‍ചകള്‍ നടക്കുന്നതായും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി(ജിസിഎഎ) അസി. ഡയരക്ടര്‍ ജനറല്‍ എന്‍ജിനിയര്‍ അഖീല്‍ അല്‍ സറൂനി അറിയിച്ചു. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ്, പറക്കും ടാക്‌സി സര്‍വിസ് എന്നത് ധാരാളം സുരക്ഷാ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കേണ്ട വിഷയമാണ്. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി കൂടുതല്‍ പ്രതികരണം നടത്തേണ്ട ഘട്ടം എത്തിയിട്ടില്ല.
അബുദാബിക്കും ദുബൈയിക്കും ഇടയില്‍ ആര്‍ച്ചര്‍ ആന്റ് ജോബി കമ്പനി 2026ന്റെ തുടക്കത്തില്‍തന്നെ സര്‍വിസ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്തിന് നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഒരു പുതിയ ഗതാഗത മാര്‍ഗം പരിചയപ്പെടുത്തുകയെന്ന പദ്ധതിയുടെ ഭാഗമാണിത്. ഇത് ആരംഭിച്ചാല്‍ ലോകത്തില്‍ ആദ്യമായി ഫ്‌ളൈയിങ് ടാക്‌സി തുടങ്ങുന്ന രാജ്യമെന്ന റെക്കാര്‍ഡും യുഎഇക്ക് സ്വന്തമാവും. ജിസിസിഎയുടെ പക്കല്‍ ആര്‍ച്ചര്‍ ആന്റ് ജോബി ഉള്‍പ്പെടെ രണ്ട് അപേക്ഷകളാണ് ഉള്ളത്. ഇവര്‍ രണ്ടും 2026ന്റെ തുടക്കത്തില്‍ സര്‍വിസ് ആരംഭിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.