മധുവിധു കഴിഞ്ഞ് മടങ്ങിയെത്തിയത് മരണത്തിലേക്ക്; അനുവിന്റെയും നിഖിലിന്റെയും വിവാഹം കഴിഞ്ഞിട്ട് 15 ദിവസം മാത്രം
പത്തനംതിട്ടയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് നവദമ്പതികളും ഇവരെ വിമാനത്താവളത്തിൽ നിന്ന് കൂട്ടാൻ പോയ ഇവരുടെ അച്ഛൻമാരും. നാല് പേരാണ് അപകടത്തിൽ മരിച്ചത്. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. അനുവിന്റെയും നിഖിലിന്റെയും വിവാഹം കഴിഞ്ഞ് 15 ദിവസം മാത്രമാണാകുന്നത്
മലേഷ്യയിൽ ഹണിമൂൺ ആഘോഷിക്കാൻ പോയതായിരുന്നു നിഖിലും അനുവും. ഇന്നലെ തിരികെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ കൂട്ടാനായി പോയതാണ് അനുവിന്റെ അച്ഛൻ മത്തായി ഈപ്പനും നിഖിലിന്റെ അച്ഛൻ ബിജു പി ജോർജും. നാല് പേരും തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് ശബരിമല തീർഥാടകരുടെ ബസുമായി കാർ കൂട്ടിയിടിച്ചത്
നവംബർ 30നായിരുന്നു ഇവരുടെ വിവാഹം. വീട് എത്താൻ വെറും 7 കിലോമീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം നടക്കുന്നത്. ബസലിന്റെ വലതുഭാഗത്തേക്കാണ് കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. മൂന്ന് പേർ സംഭവ സ്ഥലത്ത് വെച്ചും അനു ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.