കേന്ദ്രം പണം ആവശ്യപ്പെട്ട നടപടി നീതികരിക്കാനാകില്ല; ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് മന്ത്രി കെ രാജൻ
ദുരിതാശ്വാസപ്രവർത്തനത്തിന് കേന്ദ്രം പണം ആവശ്യപ്പെട്ടത് ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. പണം നൽകാൻ സംസ്ഥാനത്തിന് കഴിയാത്ത സാഹചര്യമാണെന്ന് കേന്ദ്രത്തെ അറിയിക്കും. കേന്ദ്രസർക്കാരിന്റെ നടപടി നീതികരിക്കാനാകാത്തതാണെന്നും മന്ത്രി പറഞ്ഞു
വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോൾ കേന്ദ്രം പണം ആവശ്യപ്പെട്ട കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം. വകുപ്പുകൾ തമ്മിലുള്ള അഡ്ജെസ്റ്റ്മെന്റാണ് ഇപ്പോഴത്തെ നടപടിയെന്നാണ് ചിലരുടെ വാദം. അങ്ങനെ ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള അഡ്ജെസ്റ്റ്മെന്റുകൾ ആണെങ്കിൽ അതിന് പറ്റിയ ഇടം ഡൽഹിയാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു
സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കരുത്. ജനാധിപത്യവിരുദ്ധ നടപടിയാണ് കേന്ദ്രത്തിന്റേത്. എൽ 3 വിഭാഗത്തിൽ ചൂരൽമല, മുണ്ടക്കൈ ദുരന്തത്തെ പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതുപോലും ചെയ്യാത്തതിനാൽ പല കോണുകളിൽ നിന്ന് ലഭിക്കേണ്ട സഹായം പോലും ലഭിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു