Kerala

മുനമ്പത്തെ ഭൂമി ആരുടേതെന്ന് പരിശോധിക്കണം; വഖഫ് ഭൂമി വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിലെ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുനമ്പത്തെ ഭൂമി ആരുടേതെന്ന് പരിശോധിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. നേരത്തെ മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യത്തെ നിലപാട്.

സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡും തീരുമാനിച്ചാല്‍ പത്ത് മിനിറ്റില്‍ പ്രശ്‌നം പരിഹരിക്കാം. എന്നാല്‍ കേരളത്തിലെ രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്ക് കുടപിടിക്കുകയാണ് സര്‍ക്കാര്‍ എന്നും സതീശന്‍ പറഞ്ഞു.

വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നല്‍കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമെന്നും സതീശന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനു പണം ചോദിക്കുന്നത് കേരളത്തെ അപമാനിക്കുന്നതിനുതുല്ല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹെലികോപ്റ്റര്‍ ഇറക്കിയതിന്റെ പണം ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും വിഡി സതീശന്‍ പറഞ്ഞു

കേന്ദ്ര നടപടിയെ എതിര്‍ക്കുന്നതായും ഇത് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും കേന്ദ്രത്തിന്റെ കൂടെ ഉത്തരവാദിത്വമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ദുരന്തങ്ങളുണ്ടായ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം പണം കൊടുത്തിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

വിശദമായ കണക്ക് കൊടുത്തിട്ടില്ലെന്ന് കേന്ദ്രം പറയുന്നെങ്കില്‍ കണക്ക് കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കണക്ക് നല്‍കാതെ തന്നെ ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും താത്കാലികമായി കേന്ദ്രം പണം നല്‍കിയ കാര്യവും സതീശന്‍ ഓര്‍മ്മിപ്പിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെ. എം. ഷാജി രംഗത്തെത്തിയിരുന്നു. യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ നിലപാടില്‍നിന്ന് വിഭിന്നമായിരുന്നു ലീഗിന്റെ ഈ നിലപാട്.

Related Articles

Back to top button
error: Content is protected !!