നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയി, സ്വയം രക്ഷപ്പെട്ട് താരം; നാല് പേർ അറസ്റ്റിൽ
നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ. സാർത്തക് ചൗധരി, സബിയുദ്ദീൻ, അസിം, ശശാങ്ക് എന്നിവരാണ് പിടിയിലായത്. നടൻ ശക്തി കപൂറിനെ തട്ടിക്കൊണ്ടു പോകാനും സംഘം പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു.
ഒരു ചടങ്ങിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് ക്ഷണിച്ചു വരുത്തിയാണ് മുഷ്താഖ് മുഹമ്മദ് ഖാനെ വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടുപോയത്. ഇതേ രീതിയിൽ ശക്തി കപൂറിനെ തട്ടിക്കൊണ്ടുപോകാനും സംഘം പദ്ധതിയിട്ടിരുന്നു.
എന്നാൽ ശക്തി കപൂർ അഡ്വാൻസായി ഉയർന്ന തുക ചോദിച്ചതിനാൽ ഇത് നടപ്പിലായില്ല. ബന്ദിയായി മണിക്കൂറുകൾക്കുള്ളിൽ സംഘത്തിന്റെ പിടിയിൽ നിന്ന് മുഷ്താഖ് രക്ഷപ്പെടുകയായിരുന്നു. മുഷ്താഖ് മുഹമ്മദ് ഖാന്റെ മാനേജർ പോലീസിൽ പരാതി നൽകിയതോടെയാണ് പുറംലോകം സംഭവമറിഞ്ഞത്
മീററ്റിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി സംഘം അഡ്വാൻസായി 25,000 രൂപ മുഷ്താഖ് മുഹമ്മദ് ഖാന് അയച്ചു കൊടുത്തിരുന്നു. വിമാനത്തവളത്തിലെത്തിയ നടനെ ടാക്സി ഡ്രൈവർ സ്വീകരിച്ചു. പോകുന്ന വഴിയിൽ മറ്റൊരു കാറിലേക്ക് കയറ്റി. കൂടുതൽ സംഘാംഗങ്ങളും കാറിൽ കയറി. യുപിയിലെ ബിജ്നൂർ ജില്ലയിലെ ഒരു വീട്ടിലേക്കാണ് നടനെ കൊണ്ടുപോയത്
ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് വേർഡും സംഘം കൈക്കലാക്കി. 2.2 ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. മദ്യലഹരിയിലായ സംഘം ഉറങ്ങിയ സമയത്താണ് നടൻ രക്ഷപ്പെട്ട് തൊട്ടടുത്തുള്ള പള്ളിയിലെത്തി വിവരം പറയുന്നത്. ഇതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.