റിയാദ് മെട്രോ: റെഡ്, ഗ്രീന്‍ ലൈനുകളിലും സര്‍വീസ് തുടങ്ങി; ഇതോടെ ആറ് ലൈനുകളില്‍ അഞ്ചും പ്രവര്‍ത്തനക്ഷമമായി
റിയാദ്: തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവില്‍ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്ന റിയാദ് മെട്രോയുടെ പുതിയ രണ്ട് ലൈനുകള്‍ കൂടി സര്‍വീസ് തുടങ്ങിയതായി റോയല്‍ കമ്മീഷന് ഫോര്‍ റിയാദ് സിറ്റി (ആര്‍സിആര്‍സി) വ്യക്തമാക്കി. ലൈന്‍ 2(റെഡ് ലൈന്‍), ലൈന്‍ 5(ഗ്രീന്‍ ലൈന്‍) എന്നിവയിലൂടെയാണ് ഞായറാഴ്ച മുതല്‍ യാത്രക്കാരെയും വഹിച്ച് മെട്രോ ഓട്ടം തുടങ്ങിയത്. ഇതോടെ റിയാദ് മെട്രോയുടെ ആറ് ലൈനുകളില്‍ അഞ്ചെണ്ണം പ്രവര്‍ത്തനക്ഷമമായി മാറിയിരിക്കുകയാണ്.
ഡിസംബര്‍ ഒന്നിന് പ്രാരംഭ ഘട്ടത്തില്‍ മൂന്ന് ലൈനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതില്‍ ബ്ലൂ ലൈന്‍ ഒലയ സ്ട്രീറ്റിനെ ബത്തയുമായി ബന്ധിപ്പിച്ചും യെല്ലോ ലൈന്‍ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡിലൂടെയും പര്‍പ്പിള്‍ ലൈന്‍ അബ്ദുള്‍ റഹ്മാന് ബിന്‍ ഔഫ് റോഡിനെ അല്‍-ശെയ്ഖ് ഹസന് ബിന്‍ ഹുസൈന് റോഡുമായി ബന്ധിപ്പിച്ചുമാണ് കടന്നുപോവുന്നത്.
റെഡ്, ഗ്രീന്‍ ലൈനുകളില്‍ ഞായറാഴ്ച രാവിലെ ആറുമുതലാണ് യാത്രക്കാരെ സ്വീകരിച്ചു തുടങ്ങിയത്. അര്‍ദ്ധരാത്രി 12 മണി വരെ ഈ ലൈനുകളില്‍ സര്‍വീസ് തുടരും. കിങ് ഫഹദ് സ്പോര്‍ട്സ് സിറ്റിയെയും കിംഗ് സൗദ് യൂണിവേഴ്സിറ്റിയെയും ബന്ധിപ്പിക്കുന്നതിനായി റിയാദിന്റെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് കിങ് അബ്ദുല്ല റോഡ് വഴി 25.1 കിലോമീറ്ററാണ് റെഡ് ലൈന്‍ നിര്‍മിച്ചിരിക്കുന്നത്.
റിയാദ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സെന്റര്‍ ഉള്‍പ്പെടെ 15 സ്റ്റേഷനുകള്‍ വഴി റെഡ് ലൈന്‍ ട്രെയിനുകള്‍ കടന്നുപോകും. ബ്ലൂ ലൈനിലുള്ള എസ്ടിസി സ്റ്റേഷന്, ഗ്രീന്‍ ലൈനിലെ വിദ്യാഭ്യാസ മന്ത്രാലയം സ്റ്റേഷന്, പര്‍പ്പിള്‍ ലൈനിലെ അല്‍-ഹംറ സ്റ്റേഷന് എന്നിവ വഴി റെഡ്ലൈന്‍ കടന്നുപോവുന്നത്.
13.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഗ്രീന്‍ ലൈന്‍. പ്രതിരോധ മന്ത്രാലയം, ധന മന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവയുള്‍പ്പെടെ നിരവധി മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സേവനം നല്‍കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയത്തിന് സമീപമുള്ള കിംഗ് അബ്ദുല്ല റോഡ് മുതല്‍ നാഷണല്‍ മ്യൂസിയം വരെയാണ് ഗ്രീന്‍ ലൈന്‍ സര്‍വീസ് നടത്തുക.